ഏപ്രിൽ നാലിന് നടക്കുന്ന ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ കൂടുതൽ സ്ഥാനാർഥികൾ മത്സര രംഗത്ത്. ചൊവ്വാഴ്ച 28സ്ഥാനാർഥികൾ പത്രിക നൽകി. ഇതോടെ മൊത്തം സ്ഥാനാർഥികളുടെ എണ്ണം രണ്ട് വനിതകളടക്കം 70 ആയി. ആദ്യ ദിവസമായ തിങ്കളാഴ്ച 42 പേർ പത്രിക നൽകിയിരുന്നു. ഒന്നാം മണ്ഡലത്തിൽ നിന്ന് ഏഴു പേർ, രണ്ടാം മണ്ഡലത്തിൽ നിന്ന് അഞ്ചു പേർ, മൂന്നാം മണ്ഡലത്തിൽ രണ്ട്, നാലാം മണ്ഡലത്തിൽ ആറ്, അഞ്ചാം മണ്ഡലത്തിൽ എട്ട് എന്നിങ്ങനെയാണ് പത്രിക നൽകിയവരുടെ എണ്ണം. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ടറൽ അഫയേഴ്സ് ഡിപ്പാർട്ട്മെന്റിൽ അപേക്ഷ സ്വീകരിക്കുന്നതിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഈ മാർച്ച് 13 ന് പ്രവൃത്തി സമയം അവസാനിക്കുന്നതുവരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം. രാജ്യത്തെ അഞ്ച് മണ്ഡലങ്ങളിൽനിന്നായി ഒരു മണ്ഡലത്തിൽ നിന്ന് 10 പേർ എന്ന നിലയിൽ 50 പേരെയാണ് ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കുക. തെരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്നതിനും ജനം എളുപ്പത്തിലും സുഗമമായും വോട്ടിങ് നിർവഹിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ നടന്നുവരുന്നു.