കനത്ത ചൂട്: ജൂൺ ഒന്ന് മുതൽ കുവൈത്തിൽ ഉച്ചയ്ക്ക് പുറംജോലി നിരോധനം

Update: 2024-05-31 10:20 GMT

കനത്ത ചൂടുള്ളതിനാൽ ജൂൺ ഒന്ന് മുതൽ കുവൈത്തിൽ ഉച്ചയ്ക്ക് പുറംജോലി നിരോധനം. മൂന്ന് മാസത്തേക്ക് രാവിലെ 11 മുതൽ വൈകുന്നേരം നാല് വരെയാണ് നിരോധനം. ഔട്ട്ഡോർ സൈറ്റുകളുള്ള കമ്പനികളിലെ ജീവനക്കാർ സൂര്യനു കീഴിൽ ജോലി ചെയ്യുന്നതിനുള്ള വാർഷിക നിരോധനം ജൂൺ ഒന്നിന് ആരംഭിക്കുമെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാൻപവറാണ് വ്യാഴാഴ്ച അറിയിച്ചത്. 2015-ൽ ആദ്യമായി കൊണ്ടുവന്ന നിരോധനം, ഇക്കുറി ആഗസ്ത് അവസാനം വരെയുണ്ടാകും. വേനൽക്കാലത്ത് സൂര്യന്റെ പൊള്ളുന്ന ചൂടിന്റെ ഗുരുതര ആഘാതത്തിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരോധനം. തീരുമാനം പൂർണമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ അതോറിറ്റിയുടെ പ്രത്യേക സംഘങ്ങൾ വർക്ക്സൈറ്റുകൾ സന്ദർശിക്കുമെന്ന് അതോറിറ്റിയുടെ ആക്ടിംഗ് ഡയറക്ടർ മർസൂഖ് അൽ ഒതൈബി അതോറിറ്റിയുടെ എക്സ് അക്കൗണ്ടിലെ പ്രസ്താവനയിൽ പറഞ്ഞു.

നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ നടപടികൾ ആ സംഘങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വേനൽക്കാലത്തെ കഠിനമായ കാലാവസ്ഥയിൽ അധ്വാനിക്കുന്ന തൊഴിലാളികൾക്ക് സംരക്ഷണം നൽകാനാണ് തീരുമാനമെന്ന് ഒതൈബി പറഞ്ഞു. ജോലി സമയം വെട്ടിക്കുറയ്ക്കാനല്ല ഇത് ലക്ഷ്യമിടുന്നതെന്നും ജോലി നിയന്ത്രിക്കാനാണെന്നും ചൂണ്ടിക്കാട്ടി. കഴിഞ്ഞ കുറേ വർഷങ്ങളായി നിരോധനം നടപ്പാക്കിയപ്പോൾ കുവൈത്തിലെ പല കമ്പനികളും മികച്ച സ്വീകരണമാണ് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ഇത് അന്താരാഷ്ട്ര തൊഴിൽ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള കുവൈത്തിന്റെ പ്രതിബദ്ധത പാലിക്കുന്നതാണ്. എന്തെങ്കിലും ലംഘനം ഉണ്ടായാൽ അറിയിക്കാൻ ആളുകൾക്ക് അതോറിറ്റിയെ 24936192 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും ഒതൈബി വ്യക്തമാക്കി.

അതേസമയം, രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിനു തൊട്ടുതാഴെ വരെയെത്തിയതിനാൽ കുവൈത്തിലെ വൈദ്യുതി ഉപഭോഗം 16,000 മെഗാവാട്ട് വരെയായി. ജഹ്റയിൽ 48 ഡിഗ്രി സെൽഷ്യസും എയർപോർട്ടിൽ 47 ഡിഗ്രിയും കുവൈത്ത് സിറ്റിയിൽ 42 ഡിഗ്രിയും താപനില കൂടി. ഇതോടെ വൈദ്യുതി ഉപഭോഗം 15,928 മെഗാവാട്ടിലെത്തിയതായി വൈദ്യുതി, ജല ഉപഭോഗ ഗേജ് മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച താപനിലയിൽ ഇനിയും വർധനയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. പരിമിത വൈദ്യുതി ഉത്പാദന ശേഷിയുള്ള കുവൈത്തിലേക്ക് വേനൽക്കാലത്ത് ജിസിസി പവർ ഗ്രിഡിൽ നിന്ന് പ്രതിദിനം 500 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നത് ശനിയാഴ്ച ആരംഭിക്കും.

Tags:    

Similar News