കുവൈത്തില്‍ ചൂട് ഉയര്‍ന്നതോടെ തൊഴിലാളികള്‍ക്കുള്ള ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വന്നു. ഇന്നലെ മുതലാണ് നിയമം നിലവില്‍ വന്നത്.രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് ഉച്ചവിശ്രമം അനുവദിച്ചിട്ടുള്ളത്. ജോലിസമയം രാവിലെയും വൈകിട്ടുമായി പുനഃക്രമീകരിച്ചാണ് കമ്പനികൾ പ്രവർത്തിക്കുന്നത്. ഓഗസ്റ്റ് 31 വരെ 3 മാസം നീളുന്നതാണ് ഉച്ചവിശ്രമം. ഈ സമയത്ത് തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത് നിരോധിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.
അതേസമയം കനത്ത ചൂടില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആശ്വാസമായി ഒമാനിലും ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വന്നു. ജൂൺ ഒന്ന് ശനിയാഴ്ച മുതല്‍ രാജ്യത്ത് ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലായി.
ഒമാൻ തൊഴിൽ നിയമത്തിലെ ആർട്ടിക്കിള്‍ 16 പ്രകാരമാണ് ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ പുറത്തു ജോലിയെടുക്കുന്ന തൊളിലാളികൾക്ക് വിശ്രമം നൽകുന്നത്. പുറം ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12.30 മുതൽ 3.30 വരെയാണ് വിശ്രമ സമയം. തൊഴിലാളികളുടെ ആരോഗ്യ-തൊഴിൽ സുരക്ഷയും മറ്റും പരിഗണിച്ചാണ് അധികൃതർ ഉച്ചവിശ്രമം അനുവദിക്കുന്നത്. വിശ്രമ സമയം അനുവദിക്കാത്ത കമ്പനികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.