ജി.സി.സി റെയിൽവേ പദ്ധതി; വ്യാപാര വിനിമയവും സാമ്പത്തിക വളർച്ചയും വർധിപ്പിക്കും
വ്യാപാര വിനിമയവും സാമ്പത്തിക വളർച്ചയും വർധിപ്പിക്കുന്നതിന് ജി.സി.സി റെയിൽവേ പദ്ധതിക്ക് വലിയ പ്രധാന്യമുണ്ടെന്ന് മന്ത്രിസഭ. കുവൈത്തും സൗദി അറേബ്യയും തമ്മിലുള്ള റെയിൽവേ പദ്ധതി ഇരു രാജ്യങ്ങൾക്കുമിടയിലെ വികസനത്തിന് വഴിവെക്കുമെന്നും യോഗം വിലയിരുത്തി. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിൽ കുവൈത്ത്- സൗദി അറേബ്യയും റെയിൽവേ കണക്ഷൻ പദ്ധതിയെക്കുറിച്ച് പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പൽ കാര്യ സഹമന്ത്രിയുമായ ഡോ.നൂറ അൽ മഷാൻ മന്ത്രിസഭയെ ധരിപ്പിച്ചു. യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു. സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡർ ബോർഡ് ഓഫ് ഡയറക്ടേഴ്സ് രൂപവത്കരിക്കുന്നതിനുള്ള കരട് ഉത്തരവിന് മന്ത്രിസഭ അംഗീകാരം നൽകി. ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാന്റെയും വിയോഗത്തിൽ മന്ത്രിസഭ അനുശോചനം രേഖപ്പെടുത്തി. കുവൈത്ത് ഓഡിറ്റ് ബ്യൂറോയുടെ പുതിയ തലവനായി നിയമിതനായ ഇസാം സാലിം അൽറൂമിയെ മന്ത്രിസഭ അഭിനന്ദിച്ചു. അദ്ദേഹത്തിന് വിജയാശംസകളും നേർന്നു.