പ്രവാസി വൻ തുക തട്ടിപ്പ് നടത്തിയതായി പരാതി. പ്രവാസി 5000 ദീനാർ തട്ടിയെടുത്തതായി കാണിച്ച് കുവൈത്ത് പൗരൻ അഹമ്മദി ഗവർണറേറ്റിലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.വ്യാപാരിയായി പരിചയപ്പെടുത്തിയ പ്രവാസി ബിസിനസ് പങ്കാളിത്തത്തിനുള്ള അവസരം വാഗ്ദാനം ചെയ്തതായും പദ്ധതി ആരംഭിക്കുന്നതിന് 5,000 ദിനാർ ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു.
പ്രവാസി പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് വിശ്വസിപ്പിച്ച് ആവശ്യപ്പെട്ട തുകയായ 5000 ദിനാർ കൈമാറുകയും ചെയ്തു. എന്നാൽ, പണം കൈപ്പറ്റിയ ശേഷം പ്രവാസി ഫോൺ ഓഫ് ചെയ്യുകയും അപ്രത്യക്ഷമാവുകയും ചെയ്തു.ഇതോടെ 60 കാരനായ സ്വദേശി പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് കൈമാറി. പ്രതിയായ പ്രവാസിയെ കണ്ടെത്താനും പിടികൂടാനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാനും ഇരക്ക് നീതി ഉറപ്പാക്കാനും അധികൃതർ ഉണർന്നു പ്രവർത്തിക്കുന്നു.
പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നും അന്വേഷണത്തിൽ സഹായിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് ബിസിനസ് പങ്കാളിത്തത്തിന്റെ പേരിൽ നിരവധി തട്ടിപ്പുകൾ പതിവാണ്. വ്യക്തികളുടെ യോഗ്യതാപത്രങ്ങൾ സൂക്ഷ്മമായി പരിശോധിച്ചും പൂർണ വിവരങ്ങൾ അറിഞ്ഞതിനും ശേഷമേ തുക കൈമാറാവൂ.