ഒരു വർഷത്തിലേറെയായി ഫലസ്തീനിൽ ഇസ്രായേൽ തുടരുന്ന അധിനിവേശവും വംശഹത്യയും മൂലം കഠിനമായ ദുരിതം നേരിടുന്നവർക്ക് ഭക്ഷ്യപദ്ധതിയുമായി കുവൈത്ത് സന്നദ്ധസംഘടന. കുവൈത്ത് സോഷ്യൽ റിഫോം സൊസൈറ്റിയുടെ കീഴിലുള്ള നമാ ചാരിറ്റി, വഫ മൈക്രോഫിനാൻസ് ആൻഡ് കപ്പാസിറ്റി ബിൽഡിങ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് ‘അപ്പം’ വിതരണ പദ്ധതി. പട്ടിണി നിരക്ക് കുതിച്ചുയരുന്ന ഗസ്സയിൽ രൂക്ഷമായ ഭക്ഷ്യക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി.
ഫലസ്തീൻ ജനതയെ പിന്തുണക്കാനുള്ള കുവൈത്തിന്റെ മാനുഷിക ദൗത്യത്തിന്റെയും കുവൈത്ത് തുടരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും ഭാഗമായാണ് സഹായം. ഗസ്സയിലെ കുടുംബങ്ങൾക്ക് ആയിരക്കണക്കിന് റൊട്ടികൾ വിതരണം ചെയ്യുന്ന സംയുക്ത ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വഫയുടെ ഡയറക്ടർ മർവാൻ മുഹൈസൻ നമായുമായുള്ള പങ്കാളിത്തത്തെ അഭിനന്ദിച്ചു. ഗസ്സയിലെ കഠിനമായ സാഹചര്യത്തിൽ റൊട്ടി ലഭിക്കുന്നത് ദൈനംദിന വെല്ലുവിളിയായി മാറിയിട്ടുണ്ട്. കടുത്ത ഭക്ഷ്യക്ഷാമത്തിനിടയിലും ആറ് ദിവസമായി പദ്ധതി വഴി കുടുംബങ്ങൾക്ക് ഇവ നൽകുന്നുണ്ടെന്നും മുഹൈസൻ പറഞ്ഞു.