കുവൈത്തിൽ ബയോമെട്രിക് സമയപരിധി അവസാനത്തിലേക്ക് ; ഡിസംബർ 31ന് മുൻപ് പൂർത്തിയാക്കണമെന്ന് നിർദേശം
പ്രവാസികള്‍ക്ക് ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാനുള്ള സമയപരിധി അവസാനത്തിലേക്ക്. ഡിസംബർ 31ന് മുമ്പ് പ്രവാസികൾ ബയോമെട്രിക് പൂർത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സർക്കാർ, ബാങ്കിങ് ഇടപാടുകൾ കാലതാമസമോ തടസ്സങ്ങളോ ഇല്ലാതെ സുഗമമായി തുടരുന്നതിന് ബയോമെട്രിക് പ്രക്രിയ പൂർത്തിയാക്കേണ്ടത് അനിവാര്യമാണ്. കാലാവധി കഴിഞ്ഞും ബയോമെട്രിക് ചെയ്യാത്തവരുടെ സര്‍ക്കാര്‍-ബാങ്ക് സേവനങ്ങള്‍ താൽക്കാലികമായി നിർത്തിവെക്കുമെന്നാണ് സൂചന. കുവൈത്ത് സ്വദേശികള്‍ക്ക് അനുവദിച്ചിരുന്ന സമയം സെപ്റ്റംബറില്‍ അവസാനിച്ചതോടെ ഇത്തരം നിബന്ധനകൾ നടപ്പിൽ വരുത്തിയിരുന്നു. ഇതിന്റെ ഭാഗമായി നടപടികൾ പൂർത്തിയാക്കാത്ത പ്രവാസികള്‍ക്ക് ബാങ്കുകൾ വഴി മുന്നറിയിപ്പ് നൽകാൻ കുവൈത്ത് സെൻട്രൽ ബാങ്ക് നിർദേശം നല്‍കിയിട്ടുണ്ട്. മെറ്റ പ്ലാറ്റ്ഫോം, സഹൽ ആപ്ലിക്കേഷൻ എന്നിവയിൽ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്താണ് ബയോമെട്രിക് നടപടികൾക്ക് അതത് സെന്ററുകളിൽ എത്തേണ്ടത്.
നേരത്തെ സ്വദേശികളും പ്രവാസികളും ജൂൺ ഒന്നിന് മുമ്പായി ബയോമെട്രിക് രജിസ്ട്രേഷന് പൂര്‍ത്തീകരിക്കണമെന്ന് അധികൃതർ കർശന നിർദേശം നൽകിയിരുന്നു. എന്നാൽ, നിരവധി പേർ ബാക്കി ആയതോടെ പ്രവാസികൾക്ക് ഡിസംബർ 30, പൗരന്മാർക്ക് സെപ്റ്റംബർ 30 തീയതികളിലേക്ക് നീട്ടി. പൗരന്മാരുടെ സമയപരിധി ഇതിനകം അവസാനിച്ചു. പ്രവാസികൾക്ക് ഇനി സമയപരിധി നീട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.