രാജ്യത്ത് മയക്കുമരുന്നും ലഹരി വസ്തുക്കളും കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ദിവസം ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ (ലോക്കൽ കൺട്രോൾ ഡിപ്പാർട്ട്മെന്റ്) പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടർ നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്നുമായി ഒരാളെ പിടികൂടി. 96 കിലോഗ്രാം ഹാഷിഷ് ഇയാളിൽ നിന്ന് കണ്ടെത്തി.
രണ്ടു കിലോ രാസവസ്തുക്കൾ, 15 കിലോ ക്യാപ്റ്റഗൺ പൗഡർ, 20 ഷാബു, ഒരു ദശലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ, ക്യാപ്റ്റഗൺ ടാബ്ലെറ്റുകൾ നിർമിക്കുന്നതിനുള്ള ഉപകരണം, മൂന്ന് തോക്കുകളും വെടിക്കോപ്പുകളും കണ്ടെത്തി. ചോദ്യം ചെയ്യലിൽ പിടികൂടിയ വസ്തുക്കൾ കടത്തിനും ദുരുപയോഗത്തിനും വേണ്ടിയുള്ളതാണെന്ന് പ്രതി സമ്മതിച്ചു. തുടർന്ന് പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
രാജ്യത്തുനിന്ന് ലഹരി വസ്തുക്കൾ തുടച്ചുനീക്കാനും ഇടപാടുകാരെ കണ്ടെത്താനും നടപടികൾ തുടരുമെന്ന് ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ വ്യക്തമാക്കി. സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും ലഹരി വിൽപനക്കാരെക്കുറിച്ച് വിവരം ലഭിച്ചാൽ എമർജൻസി ഫോണിലും (112), ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ ഹോട്ട്ലൈനിലും (1884141) അറിയിക്കാനും അധികൃതർ അറിയിച്ചു.