കുവൈത്തിലെ എണ്ണ ശുദ്ധീകരണ മേഖലയിൽ പുതിയ കുതിപ്പുമായി അൽസുർ റിഫൈനറി പൂർണമായും പ്രവർത്തന സജ്ജമായി. റിഫൈനറി പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനത്തിൽ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഭാഗമായി. പദ്ധതിയുടെ സ്മാരക ഫലകം അമീർ അനാച്ഛാദനം ചെയ്തു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്, ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയും കുവൈത്ത് പെട്രോളിയം കോർപറേഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ ഡോ. ഇമാദ് അൽ അത്തിഖി, കുവൈത്ത് പെട്രോളിയം കോർപറേഷൻ സി.ഇ.ഒ ശൈഖ് നവാഫ് സൗദ് അൽ നാസർ അസ്സബാഹ്, കുവൈത്ത് ഇന്റഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനി (കിപിക്) ആക്ടിങ് സി.ഇ.ഒ എൻജിനീയർ വാദ അൽ ഖത്തീബ് തുടങ്ങി നിരവധി മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. രാജ്യത്തിന്റെ വികസന പദ്ധതികളിലെ പ്രധാന പദ്ധതികളിലൊന്നാണ് അൽസൂർ റിഫൈനറി.
പദ്ധതി ഉദ്ഘാടനത്തോടെ ആറ് എണ്ണ ശുദ്ധീകരണ ശാലകളിലായി പ്രതിദിനം രണ്ട് ദശലക്ഷം ബാരൽ കവിയുന്ന അസാധാരണമായ ശുദ്ധീകരണ ശേഷി കുവൈത്ത് വിജയകരമായി കൈവരിച്ചതായി ഡോ.ഇമാദ് അൽ അത്തിഖി പറഞ്ഞു. മിന അബ്ദുല്ല, മിന അൽ അഹമ്മദി, അൽ സൂർ എന്നിങ്ങനെ കുവൈത്തിൽ സ്ഥിതിചെയ്യുന്ന റിഫൈനറികൾ വഴി പ്രതിദിനം 1.415 ദശലക്ഷം ബാരൽ ഉൽപാദിപ്പിക്കുന്നു. ഒമാനിലെ അൽ ദുക്മ്, വിയറ്റ്നാമിലെ എൻഗി സോൺ, ഇറ്റലിയിലെ മിലാസോ എന്നിവ കുവൈത്തിന് പുറത്തും സ്ഥിതി ചെയ്യുന്നു. രാജ്യത്തെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി പ്രാദേശിക പവർ സ്റ്റേഷനുകൾക്ക് ശുദ്ധമായ ഇന്ധനം നൽകുന്നതിലും അൽസൂർ റിഫൈനറിക്ക് കാര്യമായ പങ്കുണ്ട്.