'സ്ത്രീത്വത്തെ നിരന്തരമായി അപമാനിക്കുന്നു'; രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മിഷൻ

Update: 2025-01-17 12:23 GMT

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമർ‌ശങ്ങളിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മിഷൻ. ദിശ എന്ന സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്. സ്ത്രീത്വത്തെ നിരന്തരമായി വാർത്ത ചാനലുകളിലൂടെ അപമാനിക്കുകയും സ്ത്രീ വിരുദ്ധ പരാമർശങ്ങൾ പ്രചരിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടിയാണു ദിശ പരാതി നൽകിയത്. അതിജീവിതകളെ ചാനൽ ചർച്ചയിൽ അപമാനിക്കുന്ന പാനലിസ്റ്റുകളെ ചർച്ചയിൽ പങ്കെടുപ്പിക്കരുതെന്നു യുവജനകമ്മിഷൻ അധ്യക്ഷൻ ഷാജർ ആവശ്യപ്പെട്ടു. മലപ്പുറം കലക്ടറേറ്റിൽ നടന്ന യുവജന കമ്മിഷൻ അദാലത്തിലാണ് കമ്മിഷൻ ഇക്കാര്യം അറിയിച്ചത്.

സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി നടി ഹണി റോസ് നേരത്തേ രാഹുൽ ഈശ്വറിനെതിരെ പരാതി നൽകിയിരുന്നു. പിന്നാലെ അറസ്റ്റ് സാധ്യത മുന്നിൽ കണ്ട് രാഹുൽ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുകയായിരുന്നു. കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടിയ വേളയിലാണു ഹൈക്കോടതിയിൽ രാഹുൽ ഈശ്വർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊലീസിന്റെ നിലപാട് തേടിയിരുന്നു. എന്നാൽ രാഹുലിനെതിരെ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നാണു ജാമ്യാപേക്ഷയിൽ രാഹുൽ ഈശ്വറിന്റെ വാദം. ഹണി റോസിന്റെ വസ്ത്ര ധാരണത്തിൽ ഉപദേശം നൽകുക മാത്രമാണു താൻ ചെയ്തത്. സൈബർ ആക്രമണത്തിനു കാരണമായ ഒന്നും മാധ്യമങ്ങളിലൂടെ സംസാരിച്ചിട്ടില്ല. ആർക്കെതിരെയും സൈബർ അധിക്ഷേപം പാടില്ല എന്നാണു തന്റെ നിലപാടെന്നുമാണു മുൻകൂർ ജാമ്യാപേക്ഷയിൽ രാഹുൽ പറയുന്നത്.

Tags:    

Similar News