സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആർ നാസർ തുടരും; യു പ്രതിഭയും അരുണ്‍കുമാറും ജില്ലാ കമ്മിറ്റിയിൽ

Update: 2025-01-12 08:05 GMT

ആലപ്പുഴ സിപിഎം ജില്ലാ സെക്രട്ടറിയായി ആർ നാസർ തുടരും. മൂന്നാം തവണയാണ് ആർ നാസർ ജില്ലാ സെക്രട്ടറിയാകുന്നത്. കായംകുളം എംഎൽഎ യു പ്രതിഭയെയും മാവേലിക്കര എംഎൽഎ എംഎസ് അരുണ്‍കുമാറിനെയും ഉൾപ്പടെ നാലുപേരെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. അതേസമയം, ജില്ലാ കമ്മിറ്റിയിൽ നിന്ന് അഞ്ചുപേരെ ഒഴിവാക്കി. 46 അംഗ കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്.

മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മുഴുവൻ സമയവും പങ്കെടുത്ത ആലപ്പുഴ ജില്ലാ സമ്മേളനത്തിനൊടുവിലാണ് ആർ നാസർ മൂന്നാം തവണയും ജില്ലാ സെക്രട്ടറിയായി എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടത്. നാസറിന്‍റെ പേരല്ലാതെ മറ്റൊരു പേരും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നില്ല. എസ്എഫ്ഐയിലൂടെയും ഡിവൈഎഫ്ഐയിലൂടെയും രാഷ്ട്രീയ രംഗത്തേക്ക് എത്തിയ ആർ നാസർ സിഐടിയു നേതൃനിരയിലും പ്രവർത്തിക്കുന്നുണ്ട്. ആലപ്പുഴയിലെ വിഭാഗീയ പ്രശ്നങ്ങൾ ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിഞ്ഞതും നേതൃത്വം പരിഗണിച്ചു. ജന പ്രതിനിധികളെ പാർട്ടി നേതൃനിരയിലേക്ക് കൊണ്ട് വരിക എന്ന നയത്തിന്‍റെ ഭാഗമായാണ് കായംകുളം എംഎൽഎ യു. പ്രതിഭയെയും മാവേലിക്കര എംഎൽഎ എം.എസ് അരുൺ കുമാറിനെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. വിവാദങ്ങൾക്കിടെയും യു പ്രതിഭ എംഎൽഎയെ ചേർത്ത് നിർത്തുകയാണ് നേതൃത്വം. മാവേലിക്കര എംഎൽഎ എം.എസ് അരുൺ കുമാറിലൂടെ യുവ പട്ടികജാതി സാന്നിധ്യം കൂടി ഉറപ്പ് വരുത്തി.

ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുരേന്ദ്രൻ, മാരാരിക്കുളം ഏരിയ സെക്രട്ടറി സി. രഘുനാഥ് എന്നിവരെയും പുതിയതായി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ചു പേരെയാണ് ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയത്. എം. സുരേന്ദ്രൻ, ജി. വേണുഗോപാൽ എന്നിവരെ പ്രായപരിധി കണക്കിലെടുത്ത് ഒഴിവാക്കി. സാമ്പത്തിക, അഴിമതി ആരോപണങ്ങൾ നേരിടുന്ന എൻ. ശിവദാസനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. നേരത്തെ കായംകുളം ഏരിയ കമ്മിറ്റിയിൽ നിന്നും ശിവദാസനെ ഒഴിവാക്കിയിരുന്നു. പി.അരവിന്ദാക്ഷൻ, ജലജ ചന്ദ്രനെയും എന്നിവരെയും ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 47 അംഗ ജില്ലാ കമ്മിറ്റിയിൽ 46 പേരെയാണ് തെരഞ്ഞെടുത്തത്. മൂന്ന് ദിവസമായി ഹരിപ്പാട് നടക്കുന്ന സിപിഎം ആലപ്പുഴ ജില്ലാസമ്മേളനം ഇന്ന് സമാപിക്കും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Tags:    

Similar News