'വയനാട് ദുരന്തത്തിൻ്റെ ഇരകൾക്ക് ഐക്യദാർഢ്യം'; മുംബൈ മാരത്തോൺ ഓടാനൊരുങ്ങി ഡോ.കെ.എം എബ്രഹാം; ജഴ്സിയും ഫ്ലാഗും കൈമാറി മുഖ്യമന്ത്രി

Update: 2025-01-17 09:35 GMT

മുംബൈ മാരത്തൺ ഓടാനൊരുങ്ങുന്ന മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഓയും ആയ ഡോ.കെ.എം എബ്രഹാമിന് ജഴ്സിയും ഫ്ലാഗും കൈമാറി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിൽ വൻ നാശം വിതച്ച ചൂരൽ മല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഡോ. കെ. എം. എബ്രഹാം മുംബൈ മാരത്തണിൽ പങ്കെടുക്കുന്നത്. 42കിലോമീറ്റർ ദൈർഘ്യം വരുന്ന ഫുൾ മാരത്തൺ ആണ് ജനുവരി 19 ന് നടക്കുന്ന മുംബൈ മാരത്തൺ.

വയനാട് ദുരന്തത്തിലെ ഇരകൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന ജഴ്സിയും ഫ്ലാഗുമാണ് മുഖ്യമന്ത്രി ഡോ. കെ.എം. എബ്രഹാമിന് കൈമാറിയത്. മന്ത്രിസഭാ യോഗത്തിന് ശേഷം മറ്റു മന്ത്രിമാരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. "റൺ ഫോർ വയനാട് " എന്ന ആശയം മുൻനിർത്തി തയാറാക്കിയ ജഴ്സിയിലും ഫ്ലാഗിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നൽകാനുള്ള ആഹ്വാനവുമുണ്ട്. CMDRF ൻ്റെ അക്കൗണ്ട് വിശദാംശങ്ങളും ജഴ്സിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വയനാട് ചൂരൽമല, മുണ്ടക്കൈ പുനരധിവാസത്തിൻ്റെ ഭാഗമായി സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത് നിർമ്മിക്കുന്ന ടൗൺഷിപ്പുകളുടെ നിർമാണ കൺസൾട്ടൻസി ആയ കിഫ് കോണിൻ്റെ ചെയർമാനും ഡോ. കെ.എം. എബ്രഹാം ആണ്. നേരത്തേ ഇതേ ദൈർഘ്യം വരുന്ന ലണ്ടൻ മാരത്തണും ഡോ.കെ.എം.എബ്രഹാം വിജയകരമായി പൂർത്തിയാക്കിയിരുന്നു.

Tags:    

Similar News