‘തൂക്ക്’ വഴിപാടിനിടെ കുഞ്ഞ് താഴെ വീണ സംഭവത്തിൽ പോലീസ് സ്വമേധയ കേസെടുത്തു

Update: 2024-02-19 05:54 GMT

പത്തനംതിട്ട ഏഴംകുളം ദേവീക്ഷേത്രത്തിലെ ‘തൂക്ക്’ വഴിപാടിനിടെ കുഞ്ഞ് താഴെ വീണ സംഭവത്തിൽ അടൂര്‍ പോലീസ് സ്വമേധയ കേസെടുത്തു. തൂക്കക്കാരൻ അടൂർ സ്വദേശി സിനുവിനെ പ്രതിയാക്കികൊണ്ടാണ് കേസെടുത്തിരിക്കുന്നത്.

പത്തനംതിട്ട ഏഴംകുളം ദേവീക്ഷേത്രത്തില്‍ ശനിയാഴ്ച രാത്രി നടന്ന തൂക്കത്തിനിടെയാണ് സംഭവം ഉണ്ടായത്. ‘തൂക്ക്’ വഴിപാടിനിടെയാണ് എട്ടുമാസം പ്രായമുള്ള കുഞ്ഞ് തൂക്കക്കാരന്‍റെ കൈയില്‍ നിന്ന് വീണത്. നിലവിൽ അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കുഞ്ഞ്.

പത്തടിയോളം ഉയരത്തിൽ നിന്നാണ് കുഞ്ഞ് വീണത്. താഴെനിന്നവർ പിടിക്കാൻ ശ്രമിച്ചു എങ്കിലും വിജയിച്ചില്ല. പത്തനാപുരം സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ്. സംഭവസമയം ഇവരും താഴെ ഉണ്ടായിരുന്നു.

സംഭവത്തിൽ ബാലാവകാശ കമീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. പത്തനംതിട്ട ജില്ല ശിശു സംരക്ഷണ സമിതിയോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തിൽ അടിയന്തരമായി നടപടി സ്വീകരിക്കാൻ അടൂർ പോലീസിന് നിർദേശം നൽകി. എന്നാൽ സംഭവത്തിൽ രക്ഷിതാക്കൾ പരാതി നൽകിയിട്ടില്ല.

Tags:    

Similar News