'ആ കസേരയിൽ തൊടാൻ പാടില്ലായിരുന്നു, ഒരു കൈപ്പിഴ'; നിയമസഭാ കേസിൽ ജലീൽ

Update: 2024-09-06 05:16 GMT

നിയമസഭ തല്ലിപ്പൊളിച്ച സംഭവത്തിൽ വർഷങ്ങൾക്ക് ശേഷം കുറ്റസമ്മതം നടത്തി കെ.ടി ജലീൽ എംഎൽഎ. അന്ന് സ്പീക്കറുടെ കസേരയിൽ തൊടാൻ പാടില്ലായിരുന്നെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന കമന്റിന് മറുപടിയായിക്കുറിച്ചു. അധ്യാപക ദിനവുമായി ബന്ധപ്പെട്ട് കെടി ജലീൽ പങ്കുവച്ച പോസ്റ്റിന് താഴെയാണ് അസംബ്ലിയിൽ ഇ.പി ജയരാജന്റെ കൂടെ നിന്ന് സ്പീക്കറുടെ കസേര വലിച്ചിട്ടത് ശരിയായില്ലെന്ന കമന്റ് വന്നത്. ഇതിന് അദ്ദേഹം മറുപടി നൽകുകയായിരുന്നു.

'അസംബ്ലിയിൽ ഇ.പി ജയരാജന്റെ കൂടെ നിന്ന് സ്പീക്കറുടെ കസേര വലിച്ചിട്ടത് ശരിയായില്ല. താങ്കൾ അസംബ്ലിയിൽ പോയിരുന്നില്ലെങ്കിൽ പിഎസ്എംഒ കോളേജിൽ പ്രിൻസിപ്പൽ ആകേണ്ട ആളായിരുന്നു. കോളേജിൽ എന്തെങ്കിലും ഇഷ്യുസ് ഉണ്ടായാൽ താങ്കൾ വരുമ്പോൾ വിദ്യാത്ഥികൾ താങ്കളുടെ കസേര വലിച്ചെറിഞ്ഞാൽ എന്തായിരിക്കും താങ്കളുടെ നിലപാട്?', ഇങ്ങനെയായിരുന്നു കമന്റ്.'ഞാൻ ആ കസേരയിൽ തൊടാൻ പാടില്ലായിരുന്നു. അതൊരു അബദ്ധമായിപ്പോയി. മനുഷ്യനല്ലെ. വികാരത്തള്ളിച്ചയിൽ സംഭവിച്ച ഒരു കൈപ്പിഴ'- ഇങ്ങനെയാണ് കെടി ജലീൽ കമന്റിന് മറുപടി നൽകിയത്.

2015ൽ ബാർ കോഴക്കേസിൽ ആരോപണവിധേയനായ അന്നത്തെ ധനമന്ത്രി മന്ത്രി കെ.എം മാണിയുടെ പേരിൽ ഇടതു എംഎൽഎമാർ വൻ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. അന്ന് മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെ ഇടത് എംഎൽഎമാർ സഭയിൽ നടത്തിയ പ്രതിഷേധം കയ്യാങ്കളിയിലേക്ക് വരെ കടക്കുകയായിരുന്നു. പൂട്ടിക്കിടന്ന ബാറുകൾ തുറക്കാൻ മുൻ ധനമന്ത്രി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ്, ബജറ്റ് അവതരണത്തിനു ശ്രമിച്ച മാണിയെ തടയാൻ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം സംഘടിപ്പിച്ചത്. ഇതിനിടയിലാണ് പ്രതിപക്ഷ എംഎൽഎമാർ സ്പീക്കറുടെ ഡയസിൽ അതിക്രമിച്ചു കടന്ന് കമ്പ്യൂട്ടറുകളും കസേരകളും തല്ലിത്തകർത്തത്.

Tags:    

Similar News