കൊച്ചി വിമാനത്താവളത്തിന്‍റെ ആകാശ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍, വ്ളോഗര്‍ക്കെതിരെ കേസ്

Update: 2024-09-06 07:50 GMT

ഡ്രോണ്‍ ഉപയോഗിച്ച് രഹസ്യമായി ചിത്രീകരിച്ച കൊച്ചി വിമാനത്താവളത്തിന്റെ ആകാശദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച പ്രമുഖ വ്ളോഗര്‍ക്കെതിരെ കേസ്. കോഴിക്കോട് എടച്ചേരി സ്വദേശി അര്‍ജുന്‍ സാബിനെതിരെയാണ് കേസ്. വീഡിയോ കണ്ടന്റ് ക്രിയേറ്ററായ അര്‍ജുന്‍ മല്ലു ഡോറ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോകള്‍ പങ്കുവച്ചത്.

കൊച്ചി വിമാനത്താവളത്തിന്റെ ആകാശദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാമിനെ കുറിച്ച് അടുത്തിടെ വിവരം ലഭിച്ചതായി നെടുമ്പാശേരി പൊലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ സംഭവം സത്യമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഡ്രോണ്‍ പറത്താന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ ആര്‍ക്കെങ്കിലും അനുമതി നല്‍കിയിരുന്നോ എന്ന് അന്വേഷിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടിയെന്ന് നെടുമ്പാശേരി പൊലീസ് പറഞ്ഞു.

ഡ്രോണുകളുടെ നിരോധിത മേഖലാണ് കൊച്ചി വിമാനത്താവളം. പിന്നീട് പൊലീസ് ഇന്‍സ്റ്റഗ്രാം ഐഡി ട്രാക്ക് ചെയ്യുകയം അര്‍ജുനെ ചോദ്യം ചെയ്യുകയും ചെയ്തു. അനുമതിയില്ലാതെയാണ് ഡ്രോണ്‍ പറത്തിയതെന്ന് അര്‍ജുന്‍ പൊലീസിനോട് സമ്മതിച്ചു. ഓഗസ്റ്റ് 26നാണ് ഡ്രോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും ഡ്രോണും റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങളും കണ്ടെടുത്തു. കേസ് എടുത്ത യുവാവിനെ ജാമ്യത്തില്‍ വിട്ടയച്ചതായും പൊലീസ് പറഞ്ഞു.നേവല്‍ ബേസ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, കൊച്ചി തുറമുഖം, കണ്ടെയ്‌നര്‍ ടെര്‍മിനല്‍, എല്‍എന്‍ജി ടെര്‍മിനല്‍, ഹൈക്കോടതി എന്നിവ ഉള്‍പ്പെട്ട അതീവ സുരക്ഷാമേഖലകളില്‍ വ്‌ലോഗര്‍മാരും വിഡിയോ ഗ്രാഫര്‍മാരും ഡ്രോണുകള്‍ പറത്തുന്നത് പതിവാണ്.

Tags:    

Similar News