വിഷം ഉള്ളിൽചെന്ന് വയനാട് ഡിസിസി ട്രഷററും മകനും മരിച്ച സംഭവം; സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നതായി പൊലീസ്
വിഷം ഉള്ളിൽചെന്ന് വയനാട് ഡി.സി.സി ട്രഷററും മകനും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഡി.സി.സി ട്രഷറർ എൻ.എം. വിജയന് സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ഇതുസംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ കണ്ടെത്താൻ അന്വേഷണം തുടങ്ങി.
പൊലീസ് വീട്ടിൽ നിന്ന് ഡയറികൾ ഉൾപ്പെടെ പരിശോധനക്കായി ശേഖരിച്ചു. കുടുംബാംഗങ്ങളുടെയും മറ്റും മൊഴിയുമെടുത്തു. ആത്തഹത്യയ്ക്കുള്ള കാരണം അറിയില്ലെന്നാണ് കുടുംബാംഗങ്ങൾ മൊഴി നൽകിയിരിക്കുന്നതെന്നാണ് വിവരം.
വിഷം ഉള്ളിൽചെന്ന് മണിച്ചിറ മണിച്ചിറയ്ക്കൽ വീട്ടിൽ എൻ.എം. വിജയൻ (78), മകൻ ജിജേഷ് (28) എന്നിവരാണ് മരിച്ചത്. ഡിസംബർ 24 വൈകിട്ടാണ് ഇരുവരേയും വീട്ടിൽ വിഷം ഉള്ളിൽച്ചെന്ന് അവശ നിലയിൽ കണ്ടെത്തിയത്.
ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില മോശമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 6.30ന് ജിജേഷും രാത്രി എട്ടേമുക്കാലോടെ എൻ.എം. വിജയനും മരിച്ചു.
സുൽത്താൻ ബത്തേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, നഗരസഭാ കൗൺസിലർ, സർവീസ് സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എന്നീ നിലകളിൽ വിജയൻ പ്രവർത്തിച്ചിരുന്നു. കോ ഓപ്പറേറ്റീവ് അർബൻ ബാങ്കിൽ താത്കാലിക ജീവനക്കാരനായി മുമ്പ് സേവനം അനുഷ്ഠിച്ചിരുന്ന ജിജേഷ് അവിവാഹിതനാണ്. പരേതയായ സുമയാണ് വിജയന്റെ ഭാര്യ. വിജേഷ് മറ്റൊരു മകനാണ്.