നൃത്തപരിപാടിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; വെന്റിലേറ്ററിൽ നിന്ന് ഉടൻ മാറ്റിയേക്കും

Update: 2025-01-02 12:00 GMT

നൃത്തപരിപാടിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ ഉമാതോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ശ്വാസകാേശത്തിന് പുറത്ത് വെള്ളം കെട്ടുന്ന അവസ്ഥയുണ്ടെന്നും വെന്റിലേറ്ററിൽ നിന്ന് മാറ്റാനുള്ള ശ്രമം തുടരുന്നു എന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.

അതിനിടെ, കലൂരിലെ നൃത്തപരിപാടിയുടെ സംഘാടകൻ കീഴടങ്ങി. മൃദംഗവിഷൻ ഉടമ നിഘോഷ് കുമാറാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ പൊലീസിന് മുൻപാകെ ഹാജകാരണമെന്ന് നിഘോഷ് കുമാറിനോട് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. പറഞ്ഞ ദിവസം എത്തിയില്ലെങ്കിൽ അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം.

നിഘോഷാണ് മൃദംഗവിഷന്റെ എല്ലാ കാര്യങ്ങളുടെ നിയന്ത്രിക്കുന്നതെന്ന് നേരത്തെ അറസ്റ്റിലായ സിഇഒ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ആവശ്യമെങ്കിൽ നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയേയും മൊഴിയെടുക്കാനായി വിളിപ്പിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ വ്യക്തമാക്കി. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരുമെന്ന സൂചനകൾക്കിടെ കഴിഞ്ഞ ദിവസം ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചുപോയിരുന്നു.

കലൂർ സ്​റ്റേഡിയത്തിലെ ഗിന്നസ് റെക്കാഡ് നേടാനുള്ള നൃത്തപരിപാടിക്ക് വിഐപികൾക്കായി ഒരുക്കിയ വേദിയിലായിരുന്നു അപകടം സംഭവിച്ചത്. വേദിയിൽ നിന്ന് ഉമ തോമസ് 15 അടി താഴ്ചയിലേക്ക് വീഴുന്ന ദൃശ്യങ്ങളും സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു.വേദിയിൽ സ്ഥലമില്ലായിരുന്നുവെന്ന് പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. പിൻനിരയിൽ നിന്ന ഉമ തോമസ് മുൻനിരയിലേക്ക് വരുന്നത് വീഡിയോയിൽ കാണാം. ആദ്യം ഒരു കസേരയിലിരുന്ന ശേഷം പിന്നീട് എഴുന്നേൽക്കുകയായിരുന്നു.

വേദിയിൽ നിന്ന ഒരാളെ മറികടന്ന് മുന്നോട്ടുപോകാൻ ശ്രമിക്കുന്നതിനിടയിലാണ് എംഎൽഎ കാൽവഴുതി റിബൺ കെട്ടിയ സ്റ്റാന്റിഡിനൊപ്പം താഴേയ്ക്ക് വീണത്. തൊട്ടടുത്ത കസേരയിൽ സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യയും സജി ചെറിയാനും ഉണ്ടായിരുന്നു. ഇരുവരും നോക്കിനിൽക്കെയായിരുന്നു അപകടം. സംഭവത്തിൽ മന്ത്രി സജി ചെറിയാനും പ്രതികരിച്ചിരുന്നു. പരിപാടിക്കിടയിൽ നടന്നത് വൻസുരക്ഷാ വീഴ്ചയാണെന്നും സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Tags:    

Similar News