മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ന് കേരളത്തിൽ പൊതു അവധി

Update: 2023-07-18 02:07 GMT

ഇന്നു പുലർച്ചെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ന് കേരളത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും അവധി ബാധകമാണ്.

അതേസമയം, ഇന്ന് നടത്താൻ നിശ്ചയിച്ച പിഎസ്‍‌സി പരീക്ഷകൾക്ക് മാറ്റമില്ല. ഇന്ന് നടക്കേണ്ടിയിരുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.

സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ മഹാത്മാ ഗാന്ധി സര്‍വ്വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. സാങ്കേതിക സർവകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റി.

അർബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4.25നാണ് ഉമ്മൻ ചാണ്ടിയുടെ അന്ത്യം. സംസ്കാരം അദ്ദേഹത്തിന്റെ സ്വദേശമായ പുതുപ്പള്ളിയിൽ നടക്കും.

Tags:    

Similar News