പഴയ കോൺഗ്രസ് പാർട്ടിയല്ല ഇപ്പോഴത്തേത്, പിതാവിന് വിഷമമുണ്ടെന്ന് അറിയാം; അനിൽ കെ. ആന്റണി

Update: 2023-04-07 06:21 GMT

താൻ ബിജെപിയിൽ ചേർന്ന വിഷയത്തിൽ പിതാവിന്റെ വൈകാരിക പ്രതികരണം കണ്ടുവെന്നും അദ്ദേഹത്തിന് വിഷമമുണ്ടെന്ന് അറിയാമെന്നും അനിൽ കെ ആന്റണി. ബിബിസി വിഷയത്തിൽ പാർട്ടിയുമായി അകന്നപ്പോൾ കോൺഗ്രസ് നേതാക്കൾ പലരും ബന്ധപ്പെട്ടിരുന്നു. രാജ്യ താത്പര്യം മുൻനിർത്തിയാണ് താൻ ഈ തീരുമാനം കൈക്കൊണ്ടത്. ബിജെപി പ്രവേശനം ആലോചിച്ച് വ്യക്തമായി സ്വീകരിച്ച നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി.

പഴയ കോൺഗ്രസ് പാർട്ടിയല്ല ഇപ്പോഴത്തേത്. രണ്ടാളുകളിൽ മാത്രം കേന്ദ്രീകരിക്കുന്ന സ്വാർത്ഥ സംഘടനയായി പാർട്ടി മാറി. കോൺഗ്രസിലേക്ക് താൻ മടങ്ങി വരണമെന്നുള്ളത് സഹോദരന്റെ അഭിപ്രായം മാത്രമാണ്. തന്റേത് സഹിഷ്ണുതയുള്ള കുടുംബമാണ്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും സ്‌നേഹത്തോടെ മുന്നോട്ട് പോകും. നരേന്ദ്രമോദി നേതൃത്വം നൽകുന്ന ബിജെപിയിൽ തന്നെ തുടരാനാണ് തന്റെ തീരുമാനം.

വയനാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരണം നടത്തി. തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുക്കാത്ത കാര്യത്തിൽ ഒന്നും പറയാനില്ലെന്ന് അനിൽ പറഞ്ഞു. മത്സരിക്കുമോ എന്നത് സാങ്കല്പിക ചോദ്യം മാത്രമാണ്. പ്രവർത്തന മേഖല കേരളമാണോ ഡൽഹി ആണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. പാർട്ടി നിർദ്ദേശപ്രകാരം പ്രവർത്തിക്കും. കോൺഗ്രസിന്റെ സമുന്നതരായ നേതാക്കൾ അടക്കം ഇപ്പോൾ പാർട്ടി വിട്ടു പോയിരിക്കുന്നു. വകതിരിവില്ലാത്ത വീക്ഷണവും കോൺഗ്രസിന്റെ നിഷേധാത്മകമായ സമീപനവും മൂലമാണ് നേതാക്കൾ മറ്റ് പാർട്ടികളിലേക്ക് പോകുന്നത്. രാജ്യ താത്പര്യത്തിനെതിരായ നിലപാടാണ് കോൺ?ഗ്രസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.

Tags:    

Similar News