കുട്ടികള്‍ക്ക് പഠനാനുഭവം നഷ്ടമാകും; വാട്‌സാപ്പ് വഴി നോട്ടുകള്‍ അയയ്ക്കരുത്: അധ്യാപകര്‍ക്ക് വിലക്ക്
സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ നോട്ടുകള്‍ ഉള്‍പ്പെടെയുള്ള സ്റ്റഡി മെറ്റീരിയലുകള്‍ വാട്‌സാപ്പ് പോലെയുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ വഴി വിദ്യാര്‍ഥിക്കള്‍ക്കു നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പ്. ബാലാവകാശ കമ്മിഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.
ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നോട്സ് ഉള്‍പ്പെടെയുള്ള പഠനസംബന്ധമായ കാര്യങ്ങള്‍ വാട്‌സാപ്പ് പോലുള്ള സമൂഹമാധ്യമങ്ങള്‍ വഴി നല്‍കുന്നത് വിദ്യാര്‍ഥികള്‍ക്ക് അമിതഭാരവും പ്രിന്റൗട്ട് എടുത്തു പഠിക്കുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തികഭാരവും സംബന്ധിച്ച് രക്ഷിതാക്കള്‍ ബാലാവകാശ കമ്മിഷനില്‍ പരാതി നൽകിയ സാഹചര്യത്തിലാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു.
കോവിഡ് കാലത്ത് കുട്ടികള്‍ക്കു ക്ലാസില്‍ എത്താന്‍ കഴിയാതിരുന്നപ്പോള്‍ ഓണ്‍ലൈന്‍ പഠനരീതി പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാല്‍ നിലവില്‍ നേരിട്ടുള്ള ക്ലാസുകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ ചെയ്യുന്നത് കുട്ടികള്‍ക്കു ക്ലാസില്‍ നേരിട്ടു ലഭിക്കേണ്ട പഠന അനുഭവങ്ങള്‍ നഷ്ടമാക്കുമെന്നും അത് ഒഴിവാക്കണമെന്നും ഉത്തരവില്‍ പറയുന്നു. പ്രിന്‍സിപ്പല്‍മാര്‍ ഇക്കാര്യം കൃത്യമായി നിരീക്ഷിച്ച് നടപടി എടുക്കണം. റീജനല്‍ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തി നിരീക്ഷണം ശക്തമാക്കുകയും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പ്രതികരണങ്ങള്‍ അറിയേണ്ടതാണെന്നും ഉത്തരവ് വ്യക്തമാക്കുന്നു.