മലപ്പുറം പരാമർശം; മുഖ്യമന്ത്രിക്കെതിരെ രാഷ്‌ട്രപതിക്ക് റിപ്പോർട്ട് നൽകാൻ ഗവർണർ

Update: 2024-10-09 03:31 GMT

മുഖ്യമന്ത്രി ദി ഹിന്ദു ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിന്റെ ഭാഗമായ മലപ്പുറം പരാമർശത്തിൽ രാഷ്‌ട്രപതിക്ക് റിപ്പോർട്ട് നൽകാനുള്ള നീക്കവുമായി ഗവർണർ ആരിഫ് മുഹമ്മഹ് ഖാൻ. ഇതിന് മുന്നോടിയായി സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ തേടി സർക്കാരിന് വീണ്ടും കത്ത് നൽകും.

മലപ്പുറം പരാമർശത്തിൽ വിശദീകരണം തേടി ചീഫ് സെക്രട്ടറിയെയും പൊലീസ് മേധാവിയെയും ഗവർണർ രാജ്ഭവനിലേക്ക് നോട്ടീസയച്ച് വിളിച്ചെങ്കിലും ഇരുവരും ഹാജരാവുന്നത് സർക്കാർ തടഞ്ഞിരുന്നു. ഇന്നലെ വൈകിട്ട് നാലിന് ഹാജരാവാനായിരുന്നു ഗവർണറുടെ നിർദ്ദേശം.

ഉദ്യോഗസ്ഥരെ വിളിപ്പിച്ചത് ജനാധിപത്യ ഭരണക്രമത്തിന്റെ എല്ലാ തത്വങ്ങൾക്കും ഭരണഘടനാ ചട്ടങ്ങൾക്കും മര്യാദയ്ക്കും വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രാവിലെ ഗവർണർക്ക് കത്തുനൽകി. ഭരണഘടനാപരമല്ലാത്ത അധികാരങ്ങൾ ഗവർണർക്കില്ലാത്തതിനാൽ സർക്കാരിനെ മറികടന്നുള്ള ആശയവിനിമയത്തിന് മറുപടി നൽകേണ്ടെന്നും ഗവർണറുടെ നിർദ്ദേശപ്രകാരം പ്രവർത്തിക്കേണ്ടെന്നും ചീഫ്സെക്രട്ടറിയോട് നിർദ്ദേശിച്ചതായും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് എന്തോ ഒളിപ്പിക്കാനുണ്ടെന്ന പ്രതീതിയുണ്ടാക്കുന്നെന്നും, ഭരണഘടനാ ചട്ടങ്ങളുടെയും ധാർമ്മികതയുടെയും ലംഘനമായി കണക്കാക്കുമെന്നും മുന്നറിയിപ്പ് നൽകി ഗവർണർ മുഖ്യമന്ത്രിക്ക് മറുപടിക്കത്തും അയച്ചു.

ഹവാല, സ്വർണക്കടത്തിലൂടെയെത്തുന്ന പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കുപയോഗിക്കുന്നെന്ന ഗുരുതര കുറ്റകൃത്യം ഭരണഘടനാപരമായ മര്യാദയും സാങ്കേതികത്വവും പറഞ്ഞ് തള്ളിക്കളയാനാവുന്നതല്ല. രാജ്യവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകുകയെന്ന ഭരണഘടനാ ചുമതല നിർവഹിക്കാനാണ് ചീഫ്സെക്രട്ടറിയിൽ നിന്ന് വിശദീകരണം തേടിയത്. ഗവർണർക്ക് വിവരങ്ങൾ നൽകേണ്ട ഭരണഘടനാപരമായ ചുമതല നിർവഹിക്കാത്ത സർക്കാരിന്റെ നടപടിയിൽ ലജ്ജിക്കുന്നുവെന്ന് കത്തിൽ ഗവർണർ വ്യക്തമാക്കി.

Tags:    

Similar News