നവീൻ ബാബുവിൻറെ മരണം; 'കള്ളന് കഞ്ഞിവെച്ചയാളാണ് ജില്ലാ കളക്ടർ'; ആരോപണവുമായി ബിജെപി

Update: 2024-10-18 08:08 GMT

നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ കളക്ടർക്കെതിരെ ആരോപണവുമായി ബിജെപിയും. ഗൂഢാലോചനയിൽ കളക്ടറാണ് ഒന്നാം പ്രതിയെന്ന് ബിജെപി ജില്ലാ നേതാവ് എൻ ഹരിദാസ് ആരോപിച്ചു. കള്ളന് കഞ്ഞിവെച്ചയാളാണ് കളക്ടർ അരുൺ കെ വിജയൻ. ഗൂഢാലോചനയിൽ പങ്കുണ്ട്. വീഡിയോ ദൃശ്യങ്ങളിലെ മുഖഭാവം തന്നെ ശ്രദ്ധിച്ചാൽ ഇക്കാര്യം മനസിലാകും. കളക്ടറാണ് നവീൻ ബാബുവിന്റെ മരണത്തിൽ ഒന്നാം പ്രതി. പി പി ദിവ്യ രണ്ടാം പ്രതിയാണ്. കളക്ടറുടെ ഫോൺ കോൾ പരിശോധിക്കണമെന്നും അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.

ദിവ്യ മാത്രമല്ല കളക്ടറും കേസിൽ ഉത്തരവാദിയാണ്. ദിവ്യക്കെതിരെ റിപ്പോർട്ട് ആവശ്യപ്പെട്ടു, പക്ഷേ കളക്ടർക്ക് എതിരെ എന്തുകൊണ്ട് റിപ്പോർട്ട് ആവിശ്യപ്പെട്ടില്ല? സെന്റ് ഓഫ് ചടങ്ങിൽ നവീൻ ബാബുവിനെ അപമാനിക്കുന്ന ദിവ്യയുടെ അവതരണം കളക്ടർ ആസ്വദിക്കുകയായിരുന്നു. ദിവ്യയുടെ സമയം നോക്കിയാണ് കളക്ടർ പരിപാടി വെച്ചത്. കൃത്യമായ ഗൂഢാലോചനയുടെ ഭാഗമായാണ് പരിപാടി നടത്തിയത്.

കളക്ടറുടെ ഫോൺ കോളുകൾ പരിശോധിക്കണം. നാടകത്തിന്റെ മുഴുവൻ സൂത്രക്കാരൻ കണ്ണൂർ ജില്ലാ കളക്ടറാണ്. അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണം. കേരള പോലീസിന്റെ അന്വേഷണത്തിൽ സംശയമുണ്ട്. കേസ് കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണം. ഒരു പ്രാദേശിക ചാനൽ മാത്രമാണ് പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തിയത്. അതെങ്ങനെ സംഭവിച്ചു. ആരാണ് ഇവിടെ വിളിച്ചുവരുത്തിയത്? ദിവ്യക്കും കളക്ടർക്കും ഈ ചാനലിനും ഗൂഢാലോചനയിൽ പങ്കുണ്ട്.

കളക്ടർ ആരെയെല്ലാം വിളിച്ചുവെന്ന് ഫോൺ പരിശോധിക്കണം. സംഭവത്തിൽ ദുരൂഹതയുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ 4 മണിക്കാണ് നവീൻ ബാബുവിന്റെ മരണമെന്നാണ് കാണുന്നത്. അത് വരെയെവിടെയായിരുന്നു നവീൻ ബാബുവെന്ന് കണ്ടെത്തണം. ആരൊക്കെ കൂടെയുണ്ടായിരുന്നുവെന്നും കണ്ടെത്തണം. പ്രശാന്തും ഇതിൽ ബലിയാടാണ്. പ്രശാന്ത് ചിലരുടെ നോമിനി മാത്രമാണ്. കളക്ടറെ സ്ഥാനത്ത് നിന്നുംമാറ്റണം. കളക്ടർക്കെതിരെ അന്വേഷണം വേണമെന്നും ബിജെപി ആവർത്തിച്ചു.

Tags:    

Similar News