'യാത്രയയപ്പ് യോഗത്തിൽ ദിവ്യ എത്തിയതിൽ കളക്ടർക്ക് പങ്ക്, നവീനെതിരേ മോശമായി സംസാരിച്ചപ്പോഴും തടഞ്ഞില്ല'; വി.ഡി സതീശൻ

Update: 2024-10-18 07:47 GMT

എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കപ്പെടാതെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ എത്തിയതിൽ കണ്ണൂർ ജില്ലാ കളക്ടർക്കും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ക്ഷണിക്കപ്പെടാത്ത യോഗത്തിനെത്തിയ ദിവ്യയെ തടയേണ്ടിയിരുന്നത് കളക്ടറായിരുന്നുവെന്നും അദ്ദേഹം അത് ചെയ്തില്ലെന്നും സതീശൻ ആരോപിച്ചു.

'ജില്ലാ കളക്ടർക്ക് ഇതിൽ പങ്കുണ്ട്. കാരണം അദ്ദേഹം നടത്തിയ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കടന്നുവരുമ്പോൾ ഇത് ഞങ്ങളുടെ പ്രാദേശികമായ പരിപാടിയാണെന്ന് പറയേണ്ട ഉത്തരവാദിത്തം അയാൾക്കുണ്ടായിരുന്നു. അടുത്തിരുന്ന് സ്ഥലംമാറ്റം കിട്ടി പോകുന്ന ഉദ്യോഗസ്ഥനെതിരേ മോശമായി സംസാരിക്കുമ്പോൾ ദയവുചെയ്ത് നിങ്ങൾ നിർത്തണം. ഇത് അതിനുള്ള വേദിയല്ല എന്നു പറയണം,' സതീശൻ പറഞ്ഞു.

രാവിലെ നിശ്ചയിച്ചിരുന്ന യോഗം എന്തിനാണ് കളക്ടർ വൈകുന്നേരത്തേക്ക് മാറ്റിയതെന്ന് ചോദിച്ച സതീശൻ ഇത് ദിവ്യയെ പങ്കെടുപ്പിക്കാൻ വേണ്ടി ചെയ്തതല്ലേയെന്നും കൂട്ടിച്ചേർത്തു.

'ഇവർ ചെയ്തതിനേക്കാൾ ക്രൂരത വീണ്ടും പാർട്ടി ചെയ്തു. നവീൻ ബാബുവിനെ അഴിമതിക്കാരനാക്കാനുള്ള അപകടകരമായ ശ്രമം നടത്തി. കൂടെ നിന്ന ഒരാളെ, ഒരു നേതാവിനെ രക്ഷിക്കാൻ വേണ്ടി വ്യാജരേഖ കെട്ടിച്ചമച്ചു'. പാർട്ടി കുടുംബത്തിൽപ്പെട്ട ആളോടുപോലും നീതി കാണിക്കാത്ത പാർട്ടിയാണ് സിപിഎം എന്നും അദ്ദേഹം ആരോപിച്ചു.

Tags:    

Similar News