കേരളത്തിൽ ചാവേർ ബോംബ് ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസ്; പ്രതി റിയാസ് അബൂബക്കറിൻ്റെ ശിക്ഷ 8 വർഷമാക്കി കുറച്ച് ഹൈക്കോടതി
കേരളത്തിൽ ചാവേർ ബോംബ് ആക്രമണത്തിന് പദ്ധതിയിട്ടതിന് വിചാരണക്കോടതി പത്തുവർഷത്തെ തടവിന് ശിക്ഷിച്ച റിയാസ് അബൂബക്കറിന് ഹൈക്കോടതി ശിക്ഷാ ഇളവ് നൽകി. കൊച്ചിയിലെ എൻ ഐ എ കോടതി വിധിച്ച പത്തുവർഷത്തെ തടവ് ശിക്ഷയാണ് എട്ടു വർഷമായി കുറച്ചത്. നിലവിൽ അഞ്ചുവർഷമായി ഇയാൾ ജയിലിലാണ്.
പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ റിയാസിനെ 2018ലാണ് എൻ ഐ എ അറസ്റ്റു ചെയ്തത്. ഭീകരസംഘടനയായ ഐ എസിന്‍റെ കേരള ഘടകം ഉണ്ടാക്കാൻ ശ്രമിച്ചെന്നും അതിന്‍റെ മറവിൽ ചാവേർ സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടെന്നുമായിരുന്നു പ്രോസിക്യൂഷൻ കേസ്. വിചാരണക്കോടതിയുടെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപ്പീലിലാണ് ജസ്റ്റീസ് രാജാവിജയരാഘവൻ , ജസ്റ്റീസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്.