കേരളത്തിൽ നിന്ന് തിരുനെൽവേലിയിൽ മാലിന്യം തള്ളിയ സംഭവത്തിൽ മലയാളി ഉൾപ്പെടെ രണ്ട് പേർ കൂടി അറസ്റ്റിൽ. കണ്ണൂർ സ്വദേശി നിഥിൻ ജോർജ്, ലോറി ഉടമ ചെല്ലദുരെ എന്നിവരെയാണു സുത്തമല്ലി പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ മാലിന്യ കമ്പനിയിലെ സൂപ്പർവൈസറാണ് നിഥിൻ ജോർജ്. മെഡിക്കൽ മാലിന്യമെത്തിച്ച ലോറി കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു സേലം സ്വദേശിയുടെ ലോറി പിടികൂടിയത്. കേസിൽ നേരത്തെ തിരുനെൽവേലി സുത്തമല്ലി സ്വദേശികളായ മായാണ്ടി, മനോഹർ എന്നിവര്‍ അറസ്റ്റിലായിരുന്നു.
മായാണ്ടി ഇടനിലക്കാരനായി നിന്നാണു മാലിന്യം എത്തിച്ചിരുന്നതെന്നാണു നിഗമനം. മീൻ വ്യാപാരിയായ മനോഹറും മായാണ്ടിയുടെ കൂട്ടാളിയാണെന്നു തിരിച്ചറിഞ്ഞു. മാലിന്യം തള്ളിയ സംഭവത്തിൽ 5 കേസുകളാണ് ഇതുവരെ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ സുത്തമല്ലി പൊലീസാണ് 3 കേസുകളെടുത്തത്. തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെയും (ആർസിസിസി) ഉള്ളൂർ ക്രെഡൻസ് ആശുപത്രിയിലെയും മാലിന്യമാണ് തിരുനെൽവേലിയിൽ വലിച്ചെറിഞ്ഞത്. 2 ആശുപത്രികളും ഐഎംഎയുടെ സ്ഥാപനമായ പാലക്കാട്ടെ ഇമേജിനാണ് ബയോ മെഡിക്കൽ മാലിന്യം നൽകുന്നത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ആർസിസിയിലെ മാലിന്യം നീക്കം ചെയ്യുന്നതിന് സൺ ഏജ് കമ്പനിക്കാണു കരാർ. ക്രെഡൻസിൽ നിന്നു മാലിന്യ ശേഖരിക്കുന്നത് യൂസ് എഗെയ്നാണ്. 2 സ്ഥാപനങ്ങൾക്കും പിസിബിയുടെയും ശുചിത്വ മിഷന്റെയും കോർപറേഷന്റെയും അനുമതി ഉണ്ട്.