62 മണിക്കൂർ 6 മിനിറ്റ്; കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിതയെന്ന റെക്കോർഡിലേക്ക് നടന്ന് സുനിത വില്യംസ്

Update: 2025-01-31 03:02 GMT

ബഹിരാകാശത്തു ചരിത്രമെഴുതി ഇന്ത്യൻ വംശജ സുനിത വില്യംസ്. നാസയുടെ ബഹിരാകാശ സഞ്ചാരിയായ സുനിത ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്തു നടന്ന വനിത എന്ന റെക്കോർഡാണു സ്വന്തമാക്കിയത്.

കഴിഞ്ഞദിവസം രാജ്യാന്തര ബഹിരാകാശ നിലയത്തിനു ( ഐഎസ്എസ്) പുറത്ത് 5 മണിക്കൂർ 26 മിനിറ്റ് നടന്നതോടെ സുനിതയുടെ ബഹിരാകാശ നടത്തം ആകെ 62 മണിക്കൂർ 6 മിനിറ്റായി. 2017ൽ നാസയുടെ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്‌സൻ സ്ഥാപിച്ച 60 മണിക്കൂറും 21 മിനിറ്റും എന്ന റെക്കോർഡാണു സുനിത മറികടന്നത്.

‘‘ബഹിരാകാശത്തു നടക്കുന്ന ആദ്യത്തെയോ രണ്ടാമത്തെയോ ആളുകൾ ഞങ്ങളല്ലെന്ന് അറിയാം. പക്ഷേ ഈ നേട്ടം സാധ്യമായി’’– ബഹിരാകാശ നടത്തം അവസാനിക്കുന്നതിനു മുൻപു സുനിത പറഞ്ഞു. സഹയാത്രികൻ ബുച്ച് വിൽമോറിനൊപ്പമായിരുന്നു സുനിതയുടെ നടത്തം. ബഹിരാകാശ നിലയത്തിലെ തകരാറുള്ള റേഡിയോ കമ്യൂണിക്കേഷൻ യൂണിറ്റ് ഇരുവരും വിജയകരമായി നീക്കി. നേരത്തേ 2 തവണ ശ്രമിച്ചിട്ടും ഈ ദൗത്യം പരാജയപ്പെട്ടിരുന്നു.

ബോയിങ്ങിന്റെ സ്റ്റാർലൈനറിൽ മനുഷ്യരെയും വഹിച്ചുള്ള ഐഎസ്എസ് യാത്രയുടെ പരീക്ഷണത്തിന്റെ ഭാഗമായി 2024 ജൂണ്‍ അഞ്ചിനാണു സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍നിന്നു പുറപ്പെട്ടത്. ജൂണ്‍ ഏഴിന് ഐഎസ്എസിലെത്തി 13ന് മടങ്ങാനായിരുന്നു പദ്ധതി.

എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും ഹീലിയം ചോര്‍ച്ചയും കാരണം മടക്കയാത്ര നീണ്ടു. ‌രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ ഇരുവരുടെയും മടക്കയാത്രയ്ക്കായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സഹായം തേടിയതായി ഇലോൺ മസ്ക് പറഞ്ഞു. മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിനെ ഇരുവരെയും തിരികെ എത്തിക്കാനുള്ള ദൗത്യത്തിൽ നാസ പങ്കാളികളാക്കിയിരുന്നു.

Tags:    

Similar News