അമേരിക്കയിലെ ഫിലാഡെൽഫിയയിൽ ചെറുവിമാനം തകർന്ന് വീണ് അപകടം ; രോഗിയായ കുട്ടി ഉൾപ്പെടെ ആറ് പേർ മരിച്ചതായി റിപ്പോർട്ടുകൾ

Update: 2025-02-01 04:52 GMT

അമേരിക്കയിലെ ഫിലാഡൽഫിയയിൽ രോഗിയായ കുട്ടിയും അഞ്ചു പേരും അടക്കം ആറു പേർ സഞ്ചരിച്ച മെഡിക്കൽ യാത്രാവിമാനം തകർന്നു വീണു. യു.എസ് സമയം രാത്രി 6:30ന് വടക്ക് കിഴക്ക് ഫിലാഡൽഫിയയിലെ വ്യാപാര സമുച്ചയത്തിന് സമീപം ജനവാസമേഖലയിലാണ് വിമാനം തകർന്നു വീണത്.റൂസ്‌വെൽറ്റ് മാളിന് എതിർവശത്തെ നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയയിലെ കോട്ട്‌മാൻ, ബസ്റ്റൽട്ടൺ അവന്യൂസിന് സമീപമാണ് സംഭവം. റൂസ്‌വെൽറ്റ് ബൊളിവാർഡ് അടക്കമുള്ള പ്രദേശങ്ങളിൽ റോഡ് ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. വിമാനം തകർന്നു വീണതിന് പിന്നാലെ വീടുകൾക്കും വാഹനങ്ങൾക്കും തീ പിടിച്ചിരുന്നു.

വിമാനത്തിൽ സഞ്ചരിച്ച മുഴുവൻ പേരും മരിച്ചതായാണ് പ്രാഥമിക വിവരം. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശരീരഭാഗങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയ എയർപോർട്ടിൽ നിന്ന് മിസോറിയിലെ സ്പ്രിംഗ്ഫീൽഡ്-ബ്രാൻസൻ നാഷണൽ എയർപോർട്ടിലേക്ക് പോകുകയായിരുന്ന ലിയർജെറ്റ് 55 വിമാനം. അപകടത്തെ കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും (എഫ്.എ.എ) നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും (എൻ.ടി.എസ്‌.ബി) അന്വേഷിക്കും.

അപകടത്തെ കുറിച്ച് ഫിലാഡൽഫിയ മേയറുമായി സംസാരിച്ചതായും സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെന്നും പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപ്രിയോ അറിയിച്ചു.

Tags:    

Similar News