ടിക്ടോക് ഏറ്റെടുക്കാൻ ചർച്ച ആരംഭിച്ച് മൈക്രോസോഫ്റ്റ് ; ഫലം കണ്ടത് ട്രംപിൻ്റെ സമ്മർദ്ദ തന്ത്രം

Update: 2025-01-29 09:46 GMT

ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്‌ടോക് ഏറ്റെടുക്കാൻ ചർച്ചയാരംഭിച്ച് മൈക്രോസോഫ്റ്റ്. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഈ വാർത്ത സ്ഥിരീകരിച്ചു. ടിക്‌ടോക് ഏറ്റെടുക്കൽ നടപടികളിൽ നിന്ന് ചൈനയെ ഒഴിവാക്കുമെന്നും ട്രംപ് അറിയിച്ചു. എന്നാല്‍ ചര്‍ച്ചകളെ കുറിച്ച് പ്രതികരിക്കാന്‍ മൈക്രോസോഫ്റ്റോ ടിക്ടോക്കോ തയ്യാറായില്ലെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ടിക്ടോക്കിന്‍റെ അമേരിക്കന്‍ ബിസിനസ് ഏതെങ്കിലും യുഎസ് കമ്പനിക്ക് വില്‍ക്കാന്‍ ബൈറ്റ്‌ഡാന്‍സിന് മുകളില്‍ സമ്മര്‍ദം ചെലുത്തുകയാണ് ഡോണള്‍ഡ് ട്രംപ്. ടിക്‌ടോക്കിന്‍റെ അമേരിക്കന്‍ ബിസിനസ് ഏറ്റെടുക്കാന്‍ നിരവധി കമ്പനികൾ ശ്രമം നടത്തുന്നുണ്ടെന്നും ഒരു ഏറ്റെടുക്കൽ യുദ്ധം പ്രതീക്ഷിക്കുന്നുണ്ടെന്നുമാണ് ഡോണള്‍ഡ് ട്രംപിന്‍റെ വാക്കുകള്‍. ടിക്ടോക്കിന് അമേരിക്കയിൽ പ്രവർത്തിക്കണമെങ്കിൽ 50 ശതമാനം ഉടമസ്ഥാവകാശം അമേരിക്കയ്ക്ക് നൽകണമെന്ന് ട്രംപ് മുമ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ടിക്ടോക്കിന്‍റെ അമേരിക്കന്‍ ബിസിനസ് സ്വന്തമാക്കാന്‍ മൈക്രോസോഫ്റ്റ് രംഗപ്രവേശം ചെയ്തത്.

രണ്ടാഴ്ച മുമ്പ് അമേരിക്കയില്‍ ടിക്ടോക് സമ്പൂര്‍ണ വിലക്കിന് തൊട്ടരികില്‍ എത്തിയതാണ്. സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ടിക്ടോക്കിനെ നിരോധിക്കാന്‍ അമേരിക്ക തയ്യാറെടുത്തത്. എന്നാല്‍ അമേരിക്കൻ നീതിന്യായ വ്യവസ്ഥയെയും ഡോണള്‍ഡ് ട്രംപിനെയും അനുസരിക്കാൻ തീരുമാനിച്ചതോടെ ടിക്ടോകിന്‍റെ നിരോധനം അമേരിക്ക മരവിപ്പിക്കുകയായിരുന്നു. നിലവിൽ ടിക്ടോകിന് 75 ദിവസത്തെ സാവകാശം നൽകിയിരിക്കുകയാണ് അമേരിക്ക.

ആപ്പിന്‍റെ പ്രവർത്തനം രാജ്യത്ത് പുനഃസ്ഥാപിക്കുകയും ചെയ്തു. 50 ശതമാനം ഓഹരികളും അമേരിക്കയ്ക്ക് കൈമാറാമെന്ന തീരുമാനം ടിക്ടോക് അംഗീകരിച്ചതിനാലാണ് പ്രവർത്തനം പുനഃസ്ഥാപിക്കാൻ യുഎസ് തയ്യാറായത് എന്നാണ് സൂചനകള്‍.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിന്‍റെ (പഴയ ട്വിറ്റര്‍) ഉടമ ഇലോണ്‍ മസ്‌കിനും ടിക്ടോക്കിന്‍റെ അമേരിക്കന്‍ ബിസിനസ് ഏറ്റെടുക്കാന്‍ താല്‍പര്യമുള്ളതായി വാര്‍ത്തകളുണ്ടായിരുന്നു. ഡോണള്‍ഡ് ട്രംപിന്‍റെ വിശ്വസ്തന്‍ കൂടിയാണ് മസ്ക്. യുഎസില്‍ 17 കോടി യൂസര്‍മാര്‍ വീഡിയോ ഷെയറിംഗ് ആപ്പായ ടിക്ടോക്കിനുണ്ട് എന്നാണ് കണക്ക്. 

Tags:    

Similar News