പക്ഷികളെ കാണണോ...; കുമരകത്തേക്കു വരൂ

Update: 2024-07-16 11:43 GMT

പക്ഷികളെ കാണാനും ഒരു ദിവസത്തെ സഞ്ചാരത്തിനും കുട്ടനാടന്‍ ഉള്‍പ്പെടെയുള്ള നാടന്‍ രുചിക്കൂട്ട് അറിയാനും വരു കുമരകത്തേക്ക്. രാജ്യത്തെ ഏറ്റവും പ്രസിദ്ധമായ പക്ഷി നിരീക്ഷണകേന്ദ്രം നിങ്ങളെ കാത്തിരിക്കുന്നു. 14 ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന ഈ പക്ഷിസങ്കേതം ഇന്ത്യയിലെതന്നെ അപൂര്‍വ ദേശാടനപ്പക്ഷികളെയും തണ്ണീര്‍ത്തടങ്ങളും കാണുന്നതിനുള്ള പ്രദേശമാണ്. കോട്ടയത്തെ വേമ്പനാട് തടാകവും തീരങ്ങളും അടങ്ങുന്നതാണ് ഇത്.

ആയിരക്കണക്കിനു ദേശാടന പക്ഷികളടക്കമുള്ള ജലപക്ഷികളെ കാണാന്‍ ഇവിടെ സന്ദര്‍ശകരെത്തുന്നു. ഹിമാലയം മുതല്‍ സൈബീരിയയില്‍ നിന്നു വരെ വരുന്ന ദേശാടന പക്ഷികളെ ഇവിടെ നിരീക്ഷിക്കാം.

ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയാണ് പക്ഷികളെ കാണാന്‍ ഏറ്റവും നല്ല സമയം. ചേരക്കോഴി, പെരുമുണ്ടി, കുളക്കൊക്ക്, കിന്നരി നീര്‍ക്കാക്ക, അരിവാള്‍ കൊക്കന്‍, പല ഇനങ്ങളിലുള്ള മീന്‍ കൊത്തികള്‍, തണ്ണീര്‍ പക്ഷികള്‍, കുയിലുകള്‍, താറാവുകള്‍, തത്തകള്‍, കുരങ്ങുകള്‍, വാനമ്പാടികള്‍, പ്രാണി പിടിയന്മാര്‍, തുടങ്ങിയവ ഇവിടെ ഉണ്ട്. ഈ സങ്കേതത്തിലൂടെയുള്ള ബോട്ടു യാത്രകള്‍ ആനന്ദവും ആശ്വാസവും പകരുന്നവയാണ്. കുമരകത്തു താമസിക്കാനും തനതുരുചിക്കൂട്ടുകളില്‍ തയാറാക്കിയ വിഭവങ്ങള്‍ കഴിക്കാനും നിരവധി മികച്ച റസ്റ്ററന്റുകള്‍ കുമരകത്തുണ്ട്. പോക്കറ്റിന് അനുയോജ്യമായ ഹോം സ്‌റ്റേ മുതല്‍ നക്ഷത്രഹോട്ടലുകള്‍ വരെ കുമരകത്തുണ്ട്.

Tags:    

Similar News