ബിസി 2000ൽ മെസൊപ്പൊട്ടേമിയയിലാണ് ആദ്യമായി പുതുവത്സര ആഘോഷങ്ങൾ ആരംഭിച്ചതെന്ന് ചരിത്രം പറയുന്നു. ഇപ്പോൾ, ഏറ്റവും വലിയ ആഗോള ആഘോഷങ്ങളിൽ ഒന്നാണ് ന്യൂ ഇയർ. ഓസ്ട്രേലിയയിലെ സിഡ്നി പുതുവത്സര ആഘോഷങ്ങൾക്കു പ്രസിദ്ധമാണ്.
ലോകത്തിലെ വിവിധ നഗരങ്ങൾ, ബീച്ചുകൾ, നദിയോരങ്ങൾ, പാർക്കുകൾ, റിസോർട്ടുകൾ തുടങ്ങിയവയെല്ലാം പുതുവത്സര ആഘോഷങ്ങൾക്കായുള്ള തയാറെടുപ്പിലാണ്. ഓരോ സ്ഥലത്തെയും ആഘോഷങ്ങൾക്കു പ്രത്യേകതയുണ്ടാകും. ചിലയിടങ്ങളിൽ പാരന്പര്യശൈലിയായിരിക്കും. ചിലത് ന്യുജെൻ ആയിരിക്കും.
മെക്സിക്കോയിലെ ചില ബീച്ചുകളിലെ പുതുവത്സരാഘോഷങ്ങൾ വ്യത്യസ്തതകൊണ്ടു ലോക ശ്രദ്ധ പിടിച്ചുപറ്റിയതാണ്. കാൻകൺ, പ്ലായ ഡെൽ കാർമെൻ ബീച്ചുകളിലാണ് വ്യത്യസ്തമായ ആഘോഷശൈലി നിലനിൽക്കുന്നത്. ഡിസംബർ പകുതിയോടെ മെക്സിക്കോ നഗരത്തിലേക്കു സഞ്ചാരികളുടെ പ്രവാഹമായിരിക്കും. പിന്നെ, പുതുവത്സര ആഘോഷം കഴിഞ്ഞിട്ടാകും മടക്കം.
അടിവസ്ത്രങ്ങൾ മാത്രം ധരിച്ചാണ് ബീച്ചുകളിൽ പുതുവർഷം ആഘോഷിക്കാൻ എത്തേണ്ടത്. വർണാഭമായ അടിവസ്ത്രങ്ങളാണ് ധരിക്കേണ്ടത്. മാത്രമല്ല, 12 മുന്തിരികളും കഴിക്കണം. അടിവസ്ത്രങ്ങളുടെ നിറത്തിലുമുണ്ട് കൗതുകകരമായ കാര്യങ്ങൾ. ചുവപ്പ് എന്നാൽ സ്നേഹം എന്നാണ് അർഥം.
മഞ്ഞ എന്നാൽ പണം അല്ലെങ്കിൽ ഭാഗ്യം, വെള്ള എന്നാൽ സമാധാനം. അർധരാത്രിയിലാണ് 12 മുന്തിരികളും കഴിക്കേണ്ടത്. അറുപത് സെക്കൻഡിനുള്ളിലായിരിക്കണം മുന്തിരി കഴിക്കേണ്ടത്. അങ്ങനെ ചെയ്യുന്നതുകൊണ്ട് എല്ലാ മാസവും പോസിറ്റീവ് എനർജിയും ഭാഗ്യവും നൽകുന്നുവെന്നാണ് വിശ്വാസം. ഇതൊന്നുമല്ലാതെ, പാർട്ടികളും സംഗീതപരിപാടികളും കരിമരുന്നു പ്രയോഗങ്ങളും അവിടെയുണ്ട്.