​ഗൾഫ് വാർത്തകൾ ഒറ്റനോട്ടത്തിൽ

Update: 2022-12-31 13:26 GMT

ആരോഗ്യസേവന കേന്ദ്രമായ സേഹയുടെ കീഴിൽ അബുദാബി എമിറേറ്റിലെ മുഴുവൻ താൽക്കാലിക കോവിഡ് പരിശോധനാ കേന്ദ്രങ്ങളും നിർത്തി. ഇനി സേഹയുടെ കീഴിലുള്ള ആരോഗ്യകേന്ദ്രങ്ങളിലായിരിക്കും പരിശോധനയും വാക്സിനേഷനും തുടരുക. കോവിഡ് കേസുകൾ അൽ റഹ്ബ, അൽഐൻ ആശുപത്രികളിൽ മാത്രമേ സ്വീകരിക്കൂ. കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് താൽക്കാലിക കേന്ദ്രങ്ങൾ അടച്ചതെന്ന് അധികൃതർ അറിയിച്ചു. മറ്റ് എമിറേറ്റിലെ കേന്ദ്രങ്ങൾ നേരത്തെ അടച്ചിരുന്നു.

.............................................

യുഎഇയിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക്​ ഏർപ്പെടുത്തിയ ഇൻഷുറൻസ്​ പദ്ധതി പുതുവർഷദിനമായ ജനുവരി ഒന്നുമുതൽ മുതൽ പ്രാബല്യത്തിൽ. ജീവനക്കാർക്ക്​ ക്ഷേമം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ്​ യുഎ.ഇ നിയമം കൊണ്ടുവന്നത്​. ജോലി നഷ്ടപ്പെട്ടാൽ മൂന്നു മാസം വരെ ശമ്പളത്തി​ന്റെ 60 ശതമാനം ലഭിക്കും എന്നതാണ്​ പദ്ധതിയുടെ പ്രത്യേകത.

.............................................

എം എസ് സിയുടെ വേൾഡ് യൂറോപ്പ വീണ്ടും ദോഹ തുറമുഖത്ത് നങ്കൂരമിട്ടു. ഇത്തവണ ഖത്തറിന്റെ കപ്പൽ ടൂറിസം സീസണിൽ 5,650 യാത്രക്കാരുമായിട്ടാണ് വരവ്. എം എസ് സി യൂറോപ്പ ഉൾപ്പെടെ 58 ആഡംബര കപ്പലുകളാണ് 2023 ഏപ്രിൽ വരെ നീളുന്ന കപ്പൽ ടൂറിസം സീസണിൽ എത്തുന്നത്. ദോഹ തുറമുഖത്തെ ഗ്രാൻഡ് ടെർമിനലിൽ ലോകകപ്പ് സന്ദർശകർക്ക് താമസം ഒരുക്കാനാണ് നവംബറിൽ വേൾഡ് യൂറോപ്പ ആദ്യമായി എത്തിയത്. എം എസ് സിയുടെ പുതുതലമുറ ആഡംബര കപ്പലായ വേൾഡ് യൂറോപ്പയ്ക്ക് 6,762 യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്.

.............................................

കുവൈത്തിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടത്തുമ്പോൾ നിയമങ്ങൾ പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. നിയമം ലംഘിച്ചും അധിക നിരക്ക് ഈടാക്കിയും റിക്രൂട്ട്‌മെന്റ് നടത്തിയാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും അധികൃതർ ഏജൻസികളെ അറിയിച്ചു. വ്യാജ വിസയിലും കരാറിലും വൻ തുകകൾ വാങ്ങി ഏജൻസികൾ ആളുകളെ റിക്രൂട്ട് ചെയ്യുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് മുന്നറിയിപ്പ്.

.............................................

കുവൈത്തിലെ സ്വകാര്യ സ്‌കൂളുകളിൽ നിലവിലെ ഫീസ് തുടരുമെന്നും പുതിയ അധ്യയന വർഷം ഫീസ് വർധനയുണ്ടാവില്ലെന്നും വിദ്യഭ്യാസ മന്ത്രി ഡോ. ഹമദ് അൽ അദാനി അറിയിച്ചു. ഇത് സംബന്ധമായ തീരുമാനം വിദ്യഭ്യാസ മന്ത്രാലയം പുറപ്പെടുവിച്ചതായി പ്രാദേശിക പത്രമായ അൽ ഖബസ് പത്രം റിപ്പോർട്ട് ചെയ്തു. ഇതോടെ ഇന്ത്യൻസ്‌കൂൾ അടക്കം രാജ്യത്തെ വിദേശ സ്വകാര്യ സ്‌കൂളുകളിൽ നടപ്പ് വർഷത്തെ ട്യൂഷൻ ഫീസ് അതേപടി തുടരും. തീരുമാനം ലംഘിക്കുന്ന വിദ്യാലയങ്ങൾക്കെതിരെ പിഴ ചുമത്താൻ എജ്യുക്കേഷൻ അസിസ്റ്റന്റ് അണ്ടർസെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നൽകി.

.............................................

അവധിയിൽ നാട്ടിൽ കഴിയുന്ന സൗദി പ്രവാസികളുടെ ഇഖാമ, റീഎൻട്രി പുതുക്കൽ ഫീസ് ഇരട്ടിയാകും. സൗദി അറേബ്യക്ക് പുറത്തുള്ളവരുടെ റീഎൻട്രി വിസ കാലാവധി നീട്ടുന്നതിനും ഇഖാമ പുതുക്കുന്നതിനുമുള്ള ഫീസുകൾ ഇരട്ടിയാക്കാനാണ് സർക്കാർ തീരുമാനം. നിലവിൽ റീഎൻട്രി ഫീസ് രണ്ട് മാസത്തേക്ക് 200 റിയാലും ഒരോ അധിക മാസത്തിനും 100 റിയാലുമാണ്. രാജ്യത്തിന് പുറത്താണെങ്കിൽ റീഎൻട്രിയുടെ കാലാവധി നീട്ടാൻ പ്രതിമാസ ഫീസായ 100 റിയാൽ 200 റിയാലാക്കും. മൾട്ടിപ്പിൾ റീഎൻട്രി വിസ മൂന്ന് മാസത്തേക്ക് 500 റിയാലും ഒരോ അധിക മാസത്തിന് 200 റിയാലുമാണ് ഫീസ്.

.............................................

Tags:    

Similar News