​ബഹറൈൻ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി

Update: 2024-10-10 07:43 GMT

ബഹറൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് ബിൻ ഈസ അൽ ഖലീഫ രാജകുമാരൻ, രാജാവിൻ്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ എന്നിവരുമായാണ് യൂസഫലി കൂടിക്കാഴ്ച നടത്തിയത്

മനാമ അൽ സഖിർ കൊട്ടാരത്തിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ ലുലു ഗ്രൂപ്പിന്റെ പ്രവർത്തനം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഊർജ്ജമേകുന്നതാണെന്ന് ഹമദ് രാജാവ് വ്യക്തമാക്കി. പ്രാദേശിക വികസനത്തിനൊപ്പം ബഹ്റൈന്റെ വ്യവസായിക വളർച്ചയ്ക്കും വലിയ പിന്തുണയാണ് ലുലു ഗ്രൂപ്പ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. റീട്ടെയ്ൽ രംഗത്ത് ലുലു നൽകിയ സംഭാവനകൾ ശ്രദ്ധേയമാണെന്നും ബഹ്റൈനിലെ സേവനം വിപുലീകരിക്കാനുള്ള ലുലു ഗ്രൂപ്പിന്റെ നീക്കങ്ങൾക്ക് എല്ലാ പിന്തുണയും നേരുന്നുവെന്നും ബഹ്റൈൻ ഭരണാധികാരി കൂട്ടിചേർത്തു.ലുലു ഗ്രൂപ്പിൻ്റെ പ്രവർത്തനങ്ങൾക്ക് ബഹ്റൈൻ ഭരണാധികാരികൾ നൽകി വരുന്ന സഹകരണത്തിന് എം.എ യൂസഫലി ബഹറൈൻ ഭരണാധികാരിയെ നന്ദി അറിയിച്ചു.

ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ രാജകുമാരനുമായി മനാമയിലെ ഗുദൈബിയ കൊട്ടാരത്തിൽ വെച്ച് യൂസഫലി കൂടിക്കാഴ്ച നടത്തി. ലുലു ഗ്രൂപ്പിന്റെ ബഹ്റൈനിലെ വികസനപദ്ധതികൾ ഉൾപ്പടെ കൂടിക്കാഴ്ചയിൽ ചർച്ചയായി. സ്വകാര്യ മേഖലയിൽ ബഹറൈൻ സ്വദേശികൾക്ക് തൊഴിൽ നൽകുന്നതിൽ ലുലു ഗ്രൂപ്പ് ഉൾപ്പെടെ സുപ്രധാന പങ്കാണ് വഹിക്കുന്നതെന്നും കിരീടാവകാശി വ്യക്തമാക്കി. ആയിരത്തോളം ബഹറൈനി സ്വദേശികളാണ് ബഹറൈനിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ജോലി ചെയ്യുന്നത്.

ശൈഖ് മുഹമ്മദ് ബിൻ സൽമാൻ അൽ ഖലീഫ, ബഹറൈൻ ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു

ബഹറൈൻ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലിഫയുമായും യൂസഫലി കൂടിക്കാഴ്ച നടത്തി. ബഹറൈൻ്റെ സാമ്പത്തിക വാണിജ്യ മേഖലകളിൽ ലുലു ഗ്രൂപ്പ് നടത്തുന്ന പ്രവർത്തനങ്ങളെ അൽ വാദി കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ശൈഖ് നാസർ ശ്ലാഘിച്ചു. ലുലു ഗ്രൂപ്പ് ബഹറൈൻ ഡയറക്ടർ ജൂസർ രൂപാവാലയും കൂടിക്കാഴ്ചകളിൽ സംബന്ധിച്ചു.

Tags:    

Similar News