യുഎഇയുടെ അമ്പത്തി മൂന്നാമത് ദേശീയദിനാഘോഷത്തിന് ഉത്സവച്ഛായ പകർന്ന് ദുബൈ കെഎംസിസി ഒരുക്കുന്ന സാംസ്‌കാരിക മഹാസമ്മേളനം ഡിസംബർ ഒന്ന് ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ ദുബൈ ഊദ് മേത്തയിലെ അൽ നാസർ ലെഷർലാന്റിൽ നടക്കും. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമ്മേളനം ഉത്ഘാടനം ചെയ്യും. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ മാനേജിംഗ് ഡയറക്ടർ പത്മശ്രീ എം എ യൂസുഫലി മുഖ്യാതിഥിയായി പങ്കെടുക്കും.
CDA സോഷ്യൽ റെഗുലേഷൻ ഡിപ്പാർട്മെന്റ് ഡയരക്ടർ മുഹമ്മദ് അൽ മുഹൈറി, കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ഉൾപ്പെടെയുള്ള നേതാക്കളും അറബ് പ്രമുഖരും സാമൂഹ്യ സാംസ്‌കാരിക വാണിജ്യ രംഗത്തെ ഉന്നത വ്യകതിത്വങ്ങളും സംബന്ധിക്കും. 'ഒരുമയുടെ പെരുന്നാൾ' എന്നതാണ് ഈ വർഷം മുതൽ യുഎഇ ദേശീയ ദിനാഘോഷത്തിന്റെ സന്ദേശം. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ലക്ഷക്കണക്കിന് ജനങ്ങൾക്ക് സമാധാനപൂർണമായ ജീവിതവും തൊഴിലും നൽകി സംരക്ഷിക്കുന്ന യുഎഇ യുടെ ദേശീയദിനം വളരെ അഭിമാനത്തോടെയാണ് ദുബൈ കെഎംസിസി ആഘോഷിക്കുന്നതെന്ന് ദുബൈ കെഎംസിസി ഈദ് അൽ ഇത്തിഹാദ് ആഘോഷ സ്വാഗത സംഘം ചെയർമാൻ ഡോ. അൻവർ അമീൻ ചേലാട്ട് പറഞ്ഞു. നാലരപ്പതിറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള ദുബൈ കെഎംസിസി മികവാർന്ന പരിപാടികളോടെ യുഎഇ ദേശീയദിനവും ഇന്ത്യൻ സ്വാതന്ത്ര്യ ദിനവും എല്ലാ വർഷവും ആഘോഷിച്ചു വരുന്നു. അര ലക്ഷം ആക്റ്റീവ് മെമ്പർമാരുള്ള ദുബൈ കെഎംസിസി കോവിഡ് മഹാമാരിക്കാലത്ത് ഉൾപ്പെടെ ചെയ്ത മഹത്തായ സേവന പ്രവർത്തനങ്ങളിലൂടെ മികച്ച വിദേശ സന്നദ്ധ സംഘടന എന്ന അംഗീകാരത്തിന് അർഹമാവുകയുണ്ടായി. സേവന പ്രവർത്തനത്തിലൂടെ ദുബൈ കെഎംസിസിയിലെ ഒട്ടേറെ വളണ്ടിയർമാർക്ക് ഗോൾഡൻ വിസ ലഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുടുംബ സമേതം ആസ്വദിക്കാവുന്ന വിധമാണ് പരിപാടികൾ ഒരുക്കിയിട്ടുള്ളത്. സമ്മേളനത്തിന്റെ വിജയത്തിനായി അതിവിപുലമായ പ്രചാരണ പ്രവർത്തങ്ങൾ നടന്നുവരുന്നതായും നേതാക്കൾ പറഞ്ഞു.
സാംസ്കാരിക സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കുന്ന ഇശൽ നൈറ്റിൽ മാപ്പിളപ്പാട്ട് ഗായകരായ രഹ്ന, ഷാഫി കൊല്ലം, ആദിൽ അത്തു. കണ്ണൂർ മമ്മാലി എന്നിവർ അണിനിരക്കും. കെഎംസിസി കലാകാരന്മാരും വിദ്യാർത്ഥികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.ദുബൈ ഫ്ലോറ ഇൻ ഹോട്ടലിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ദുബൈ കെഎംസിസി ഈദ് അൽ ഇത്തിഹാദ് സ്വാഗത സംഗം ചെയർമാൻ ഡോ. അൻവർ അമീൻ ചേലാട്ട്, ജനറൽ കൺവീനർ യഹ്‌യ തളങ്കര, ട്രഷറർ പി കെ ഇസ്മായിൽ, ഇബ്രാഹിം മുറിച്ചാണ്ടി സിഡിഎ ഡയറക്ടർ ബോർഡ് അംഗങ്ങളായ റാശിദ് അസ്‌ലം, ഇസ്മായിൽ ഏറാമല, ഒ.കെ ഇബ്രാഹിം, അഡ്വ. ഖലീൽ റഹ്‌മാൻ, റയീസ് തലശ്ശേരി, സമദ് എടക്കുളം, മീഡിയ കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കൊടുങ്ങലൂർ, കൺവീനർ സൈനുദ്ധീൻ ചേലേരി, പബ്ലിസിറ്റി ചെയർമാൻ മുഹമ്മദ് പട്ടാമ്പി, കൺവീനർ കെ പി എ സലാം, ഫിനാൻസ് കമ്മിറ്റി ഭാരവാഹികളായ ഹംസ തൊട്ടിയിൽ, എ സി ഇസ്മായിൽ, ബെൻസ് മഹമൂദ് ഹാജി, എന്നിവർ സംബന്ധിച്ചു.