കമൽ സംവിധാനം ചെയ്ത ഗദ്ദാമയിലെ ബഷീർ. മെലിഞ്ഞുണങ്ങി, സ്പ്രിംഗ് പോലെ മുടിയുള്ള ഒരു ആടുജീവിതം. ഷൈൻ ടോം ചാക്കോയുടെ ആദ്യ കഥാപാത്രം. അതിനുമുമ്പ് ക്യാമറയ്ക്കു പിന്നിലായിരുന്നു ഷൈൻ. വിവിധ സംവിധായകർക്കൊപ്പം പതിനൊന്നു വർഷത്തോളം സംവിധാന സഹായിയായി. ഷൈനിന്റെ അഭിനയക്കളരിയായിരുന്നു സഹസംവിധാന വേഷം. വർഷങ്ങൾക്കിപ്പുറം ഷൈൻ സ്‌ക്രീനിൽ വിവിധ വേഷങ്ങളിൽ നിറയുന്നു. ഇതിഹാസയിലെ കഥാപാത്രമാണ് ഷൈനിന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവ്.
സംവിധാനസഹായിയായിരുന്ന കാലത്തും അഭിനയമായിരുന്നു ഷൈനിന്റെ മോഹം. സിനിമയിൽ വന്നകാലം മുതൽ അഭിനയിക്കാനായിരുന്നു ഇഷ്ടം. സംവിധാനം ഇഷ്ടമോ, പൂർണമായ സംതൃപ്തി നൽകുന്നതോ അല്ല. ഇഷ്ടമുള്ള കാര്യം ചെയ്യുമ്പോഴാണ് നമുക്ക് സംതൃപ്തി കിട്ടുക. അഭിനയത്തെക്കാൾ ഉയർന്നതാണ് സംവിധാനം. സിനിമ ശരിക്കും ഡയറക്ടറുടെ കലയാണ്. മറ്റുള്ളവരെയെല്ലാം ഒരുമിപ്പിക്കുന്നത് ഡയറക്ടറാണ്. എന്നാൽ, അഭിനയിക്കുമ്പോഴാണ് എനിക്കു കൂടുതൽ സംതൃപ്തി കിട്ടുന്നത്. അതിനാൽ, അഭിനയത്തിൽ തന്നെ തുടരും.
എപ്പോഴും നമുക്കു മുന്നെ വന്ന എല്ലാ നടന്മാരുടെയും അഭിനയം സ്വാധീനിക്കും. ഒരു കഥാപാത്രത്തെ അല്ലെങ്കിൽ ഒരു സിറ്റുവേഷൻ അവതരിപ്പിക്കേണ്ടി വരുമ്പോൾ, മുമ്പു കണ്ട സിനിമകളിലെ കഥാപാത്രങ്ങളോ സിറ്റുവേഷനുകളോ ആണ് മനസിലേക്ക് എത്തുക. തുടക്കത്തിൽ അതിനെ റീപ്രൊഡ്യൂസ് ചെയ്യാനാവും ശ്രമിക്കുക. ഇങ്ങനെ പെർഫോം ചെയ്യുന്ന സമയത്ത്, ഒരു പോയിന്റിൽ എത്തുമ്പോൾ തോന്നും നമ്മൾ ആരൊക്കെയോ ചെയ്തതിനെ റീപ്രൊഡ്യൂസ് ചെയ്യുകയാണ് എന്ന്.
അപ്പോൾ ചിന്തിക്കും, നമ്മൾ ഇതു ചെയ്യുമ്പോൾ എന്താവും വ്യത്യാസം ഉണ്ടാവുക. പിന്നെ അങ്ങനെ ചെയ്യാൻ ശ്രമിക്കും. ചില സമയത്ത് നമ്മൾ മുന്നെ കണ്ടിട്ടുള്ള എല്ലാവരും നമ്മുടെ പെർഫോമൻസിലേക്കു കയറി വരും. അപ്പോൾ ബോധപൂർവം വേറൊരു രീതിയിലാക്കാൻ ശ്രമിക്കും. അങ്ങനെയുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അഭിനയിക്കുന്ന നിമിഷങ്ങളേക്കാൾ അതിനു മുമ്പുള്ള, അടുത്ത ദിവസം അഭിനയിക്കാൻ വരുന്നതിന്റെ ഇടയിലൊക്കെയാണ് അതെല്ലാം മനസിനെ അലട്ടുക. മുന്നെ അത് വന്നിട്ടുണ്ടല്ലോ, അതിനെ എങ്ങനെ മാറ്റിയാൽ വേറെ രീതിയിലാവും. അങ്ങനെയൊരു ചിന്ത ഉള്ളിൽ നടക്കും.