അത് ബുദ്ധിമുട്ടാണെന്ന് മമ്മൂട്ടി, മോഹന്‍ലാലിന്റെ സീന്‍ അന്ന് കട്ട് ചെയ്തു; ലാല്‍ പറഞ്ഞത് വിഷമിപ്പിച്ചെന്ന് സാജന്‍
മമ്മൂട്ടിയുടെ ആവശ്യ പ്രകാരം മോഹന്‍ലാലിന്റെ രംഗം വെട്ടിക്കുറക്കേണ്ടി വന്നതിനെപ്പറ്റി പറയുകയാണ് സംവിധായകന്‍ സാജന്‍. മമ്മൂട്ടി നായകനായി എത്തിയ ഗീതം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തിയിരുന്നു. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സാജന്‍.
കോട്ടയത്ത് പോയി മോഹന്‍ലാലിനോട് കഥ പറഞ്ഞു. അദ്ദേഹത്തിന് കഥ ഇഷ്ടമായി. സ്വന്തം മകനെ തിരികെ കൊണ്ടു പോകാനായി വിദേശത്തു നിന്നും വരുന്ന അച്ഛനാണ് മോഹന്‍ലാല്‍. മമ്മൂട്ടിയുടെ അടുത്ത് വന്ന് മകനെ കൊണ്ടു പോകണം എന്ന് പറയുന്നതും മമ്മൂട്ടി ഏത് മകന്‍ എന്നൊക്കെ ചോദിക്കുന്ന നാടകീയമായ മുഹൂര്‍ത്തങ്ങളാണ്. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ദേഷ്യം തണുപ്പിക്കാന്‍ ഒരു കുപ്പി വിദേശ മദ്യം കൊണ്ടു വന്നിട്ടുണ്ടാകും. അത് എടുത്ത് മേശപ്പുറത്ത് വെച്ചിട്ട് തണുപ്പിക്കാന്‍ നല്ലതാണെന്ന് മോഹന്‍ലാല്‍ പറയും.
എന്താണെന്ന് മമ്മൂട്ടി നോക്കുമ്പോള്‍ മദ്യം. ദേഷ്യം മൂത്തു നില്‍ക്കുന്ന മമ്മൂട്ടി അതെടുത്തെറിഞ്ഞ് പൊട്ടിക്കും. അപ്പോള്‍ മോഹന്‍ലാല്‍ കൂളായി തിരിഞ്ഞു നോക്കി, ഇറ്റ് ഈസ് ടൂ ബാഡ് എന്ന് പറയുന്നതാണ് രംഗം. മോഹന്‍ലാല്‍ വരുന്നതിന് മുമ്പ് പ്രധാന ഷോട്ടുകളും ക്ലോസപ്പുകളുമൊക്കെ മമ്മൂട്ടിയെ വച്ച് എടുക്കും. മമ്മൂട്ടി വരാത്തപ്പോള്‍ മോഹന്‍ലാലിനെ വച്ചു. പിന്നീടാണ് ഇരുവരും ഒരുമിച്ചുള്ള രംഗങ്ങള്‍ എടുക്കുന്നത്. മോഹന്‍ലാല്‍ കോട്ടയത്തു നിന്നും മമ്മൂട്ടി എറണാകുളത്തു നിന്നുമാണ് വരുന്നത്. മോഹന്‍ലാലിന്റെ ഡേറ്റുകള്‍ കുറവായതിനാല്‍ ഒരുമിച്ചുള്ള ഷോട്ടുകള്‍ വേഗത്തിലെടുത്തു തീര്‍ക്കുകയായിരുന്നു. കുപ്പി കൊണ്ട് വെക്കുന്നതും കുപ്പിയുടെ സജഷന്‍ നിന്നുള്ളതുമൊക്കെ ഞാന്‍ നേരത്തെ എടുത്തു വച്ചിരുന്നു. മമ്മൂട്ടി ഇല്ലാത്തപ്പോഴായി ഈ രംഗങ്ങള്‍ എടുത്തത്. പിറ്റേന്ന് മമ്മൂട്ടി വരുമ്പോള്‍ മോഹന്‍ലാല്‍ ഇപ്പുറത്ത് ഉണ്ടെന്ന രീതിയിലും എടുത്തു. മമ്മൂട്ടിയുടെ കുറേ ഭാഗം എടുത്തു. അടുത്ത ദിവസം മമ്മൂട്ടിയുടെ ഭാഗം എടുക്കുമ്പോള്‍ മേശപ്പുറത്ത് കുപ്പി വച്ചിട്ടുണ്ട്. അന്ന് മോഹന്‍ലാല്‍ ഇല്ല. ഇതെന്താണ് സംഭവമെന്ന് മമ്മൂട്ടി ചോദിച്ചു. ഞാന്‍ രംഗം പറഞ്ഞു കൊടുത്തു.
അത് ശരി ഞാന്‍ ഇത്രയും കഷ്ടപ്പെട്ട് അഭിനയിച്ചിട്ട് ലാല്‍ തിരിഞ്ഞു നോക്കി ഇറ്റ് ഈസ് റ്റൂ ബാഡ് എന്ന് പറഞ്ഞാല്‍ എന്താണര്‍ത്ഥം? ആലോചിക്കൂ, സാജന്‍ സംവിധായകന്‍ അല്ലേ. അത് ബുദ്ധിമുട്ടാണ്, പറ്റില്ല. കുപ്പി അവിടെ വെക്കണ്ട, ഞാന്‍ എറിഞ്ഞ് പൊട്ടിക്കത്തുമില്ല. നമുക്ക് വേറെ രീതിയില്‍ ചെയ്യാമെന്ന് മമ്മൂട്ടി പറഞ്ഞു. അങ്ങനെ ഷൂട്ടിംഗ് തീര്‍ത്തു. ഡബ്ബിംഗ് ആയപ്പോള്‍ ലാല്‍ ചോദിച്ചു, അണ്ണാ ആ സീന്‍ ഇല്ലേ? ഞാന്‍ പരുങ്ങി. അത് വേണ്ടാന്ന് വച്ചുവെന്ന് ഞാന്‍ പറഞ്ഞു. ഓക്കെ ഓക്കെ, മാറ്റിയല്ലേ, ശരി എന്ന് ലാല്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍, എല്ലാം മനസിലായി എന്ന അര്‍ത്ഥത്തില്‍ പറഞ്ഞു.
ലാലിന് വിഷമമായെന്ന് എനിക്ക് മനസിലായി. പക്ഷെ ഞാന്‍ ധര്‍മ്മസങ്കടത്തിലായിരുന്നു. മമ്മൂട്ടിയെ വെറുപ്പിച്ചു കൊണ്ട് സിനിമ മുന്നോട്ട് കൊണ്ടു പോകാനാകില്ല. മമ്മൂട്ടിയാണ് പ്രധാന നടന്‍. പോകന്‍ നേരം ലാല്‍ ഇനിയെന്തെങ്കിലും ബാക്കിയുണ്ടോ എന്ന് ചോദിച്ചു. ഇല്ലെന്ന് ഞാന്‍ പറഞ്ഞു. എന്റെ മനസിലെ വിഷമിപ്പിച്ചൊരു വാചകം പറഞ്ഞാണ് ലാല്‍ പോയത്. നമ്മള്‍ തമ്മില്‍ ഇനിയൊരു കൂടിക്കാഴ്ച ഉണ്ടാകില്ല! ഒരു വലിയ നടനെ എനിക്ക് നഷ്ടമായി. ഞാന്‍ ആ സംഭവത്തില്‍ നിഷ്‌കളങ്കനായിരുന്നു. നന്നായി തന്നെയായിരുന്നു ഞാന്‍ രംഗമെടുത്തത്. പക്ഷെ എന്റേത് ദയനീയ അവസ്ഥയായിരുന്നത്.