മംഗളമീ ജന്മം എന്ന പാട്ടാണ് അപ്പോള്‍ മനസില്‍ വരുന്നത്; ഇനി ഞാന്‍ അഭിനയിക്കാനില്ലെന്ന് അപ്പോള്‍ ഞാന്‍ തീരുമാനിച്ചു: സുരഭി
മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം സ്വന്തമാക്കിയിട്ടുള്ള താരമാണ് സുരഭി ലക്ഷ്മി. എന്നാല്‍ വാണിജ്യ സിനിമയില്‍ സുരഭിയുടെ പ്രതിഭയെ അംഗീകരിക്കുന്നൊരു കഥാപാത്രത്തിലേക്ക് എത്തിച്ചേരാന്‍ അവര്‍ക്ക് കാത്തിരിക്കേണ്ടി വന്നത് വര്‍ഷങ്ങളാണ്. ഈയ്യടുത്തിറങ്ങിയ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലൂടെ മലയാളക്കര സുരഭിയെ ആഘോഷിക്കുകയാണ്. ഇതിനിടെ ഇപ്പോഴിതാ തനിക്ക് അഭിനയം നിര്‍ത്താന്‍ തോന്നിയ നിമിഷത്തെക്കുറിച്ച് സംസാരിക്കുകയാണ് സുരഭി ലക്ഷ്മി. ഏഷ്യാനെറ്റിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് താരം രസകരമായൊരു കഥ പങ്കുവച്ചത്. താന്‍ സീരിയലില്‍ അഭിനയിച്ച സമയത്തെ അനുഭവമാണ് സുരഭി പങ്കുവെക്കുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
''അഭിനയം നിര്‍ത്തിയാലോ എന്ന് ഒരിക്കല്‍ തോന്നിയിട്ടുണ്ട്. സീരിയല്‍ ചെയ്യുന്ന സമയമാണ്. സ്‌കൂട്ടറില്‍ എട്ട് എടുക്കുന്നതാണ് രംഗം. എനിക്ക് ബൈക്ക് ഓടിക്കാന്‍ അറിയില്ല. മകനായി അഭിനയിക്കുന്ന അവന്‍ സുരഭിയേച്ചി നിങ്ങള്‍ ഒന്നുകൊണ്ടും പേടിക്കണ്ട, ഞാന്‍ ബാക്കിലിരുന്ന് എല്ലാം ശരിയാക്കിക്കോളാം എന്ന് പറഞ്ഞു. അതേസമയം തൊട്ടപ്പുറത്ത് ബില്‍ഡിംഗിന്റെ പണിയുടെ ഭാഗമായി ജെസിബിയ്ക്ക് മണ്ണെടുക്കുന്നുണ്ടായിരുന്നു. ജെസിബിയുടെ ശബ്ദം കാരണം പ്രോംറ്റ് ചെയ്യുന്നതൊന്നും കേള്‍ക്കാന്‍ സാധിക്കാതെ വന്നതോടെ അവരോട് അല്‍പ്പനേരം നിര്‍ത്തിവെക്കാമോ എന്ന് ചോദിച്ചു. അങ്ങനെ അവര്‍ നിര്‍ത്തി'' സുരഭി പറയുന്നു.
എട്ട് എടുക്കുന്നതിനിടെ വണ്ടി ഒരു കല്ലിന്റെ മുകളില്‍ കയറി. ബ്രേക്ക് പിടിക്കുന്നതിന് പകരം ഞാന്‍ പിടിച്ച് തിരിച്ചത് ആക്‌സിലറേറ്റര്‍ ആയിപ്പോയി. വണ്ടി ഒരൊറ്റ പറക്കല്‍. പിന്നിലുണ്ടായിരുന്ന, എന്റെ മകനായി അഭിനയിക്കുന്ന പയ്യന്‍ വീണു. ഞാന്‍ വണ്ടിയുടെ മുകളിലൂടെ തെറിച്ച് വീണു. മംഗളമീ ജന്മം എന്ന പാട്ടാണ് അപ്പോള്‍ എന്റെ മനസില്‍ വരുന്നത്. പോയി ടക്കേ എന്ന് പറഞ്ഞ് കമിഴ്ന്നടിച്ച് വീണു. മുകളില്‍ നില്‍ക്കുന്നവരെല്ലാം ഞാന്‍ ജെസിബിയില്‍ കോലില്‍ കുത്തിയത് പോലെ കോര്‍ത്തു കിടക്കുകയാണോ എന്ന് കരുതിപ്പോയെന്നാണ് സുരഭി പറയുന്നത്.
ആ സമയം ശരീരം അനങ്ങുന്നില്ലായിരുന്നു. പക്ഷെ മനസ് അനങ്ങുന്നുണ്ടായിരുന്നു. ഇനി ഞാന്‍ അഭിനയിക്കില്ല എന്ന് ഞാന്‍ അപ്പോള്‍ തീരുമാനമെടുത്തു. പിന്നെ എല്ലാവരും ഓടി വന്ന് എന്നെ പൊക്കിയെടുത്ത് ആശുപത്രിയില്‍ കൊണ്ടു പോയി. സ്‌കാനിംഗ് ഒക്കെ ചെയ്തു നോക്കിയപ്പോള്‍ കുഴപ്പങ്ങളൊന്നുമില്ല. ശരീരം പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോള്‍ വീണ്ടും അഭിനയിക്കാം എന്ന് തീരുമാനിച്ചു. മനസും ശരീരവും എത്രകാലം വര്‍ക്കിംഗ് ആണോ അത്രയും കാലം അഭിനയിക്കണം എന്ന് തന്നെയാണ് എന്റെ ആഗ്രഹമെന്നും സുരഭി പറയുന്നു.
എആര്‍എം വരെ എത്തി നില്‍ക്കുകയാണ് ഞാന്‍. ഇനി വരാന്‍ പോകുന്നത് റൈഫിള്‍ ക്ലബ് ആണ്. അത് ആര്‍ട്ടിസ്റ്റുകളുടെ സംഗമമാണ്. പിക്‌നിക്കിന് പോയ മൂഡായിരുന്നു. ആഷിഖ് അബു സാറിന്റെ സെറ്റാണ്. അതാണ് ഇനി ഇറങ്ങാനുള്ളത്. എല്ലാവരും കാണണം. എആര്‍എം എല്ലാവരും കാണുകയും മാണിക്യത്തെ ഒരുപാട് പ്രോത്സാഹിപ്പിച്ചു. ഒരുപാട് സന്തോഷം എന്നും സുരഭി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.