ഇത് പറഞ്ഞാല്‍ 25 കൊല്ലം കഴിഞ്ഞ് ഞാന്‍ നാണംകെടും, നിര്‍ബന്ധിച്ച് അത് പറയിച്ചു: സലീം കുമാര്‍

Update: 2024-11-14 11:46 GMT

മിമിക്രി വേദികളിലൂടെയാണ് സലീം കുമാര്‍ സിനിമയിലെത്തുന്നത്. പിന്നാലെ മലയാള സിനിമയിലെ കോമഡിയുടെ ചക്രവര്‍ത്തിയായി മാറുകയായിരുന്നു സലീം കുമാര്‍. വര്‍ഷങ്ങളായി സലീം കുമാര്‍ നമ്മെ ചിരിപ്പിക്കുന്നു. എന്നാല്‍ ചിരി മാത്രമല്ല സലീം കുമാറിന്റെ കയ്യിലുള്ളത്. പലപ്പോഴും പ്രേക്ഷകരെ കരയിപ്പിക്കുകയും ചെയ്തിട്ടുണ്ട് സലീം കുമാര്‍.

ഹാസ്യ നടനായി പേരെടുത്ത സലീം കുമാര്‍ പിന്നീട് നായകനായും കയ്യടി നേടി. മികച്ച നടനുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ തന്റെ നിലപാടുകളിലൂടേയും കാഴ്ചപ്പാടുകളിലൂടേയും അദ്ദേഹം ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്.

ഇപ്പോഴിതാ തനിക്ക് ഒരു സിനിമയില്‍ നിന്നുണ്ടായ മോശം അനുഭവം പങ്കുവെക്കുകയാണ് സലീം കുമാര്‍. തനിക്ക് ഇഷ്ടമില്ലാത്തൊരു അശ്ലീല ഡയലോഗ് പറയേണ്ടി വന്നതിനെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. മനോരമയുടെ ഹോര്‍ത്തൂസ് സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു സലീം കുമാര്‍. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്. 'എന്നോട് ഒരു ഡയലോഗ് പറയാന്‍ പറഞ്ഞു. ആ ഡയലോഗ് ഇവിടെ പറയാന്‍ പറ്റില്ല. ഞാന്‍ പറയില്ലെന്ന് പറഞ്ഞു. സ്‌ക്രിപ്റ്റ് റൈറ്റര്‍ തന്നെയായിരുന്നു തിരക്കഥാകൃത്തും. അദ്ദേഹം പറഞ്ഞേ പറ്റൂവെന്ന് പറഞ്ഞു. അത് പറയാന്‍ പറ്റത്തില്ല, പച്ചത്തെറിയാണെന്ന് ഞാന്‍ സംവിധായകനോട് പറഞ്ഞു. ഷൂട്ടിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. ഫോര്‍ട്ട് കൊച്ചിയിലാണ് ഷൂട്ടിംഗ്. ഇതിനൊരു തീരുമാനമുണ്ടാക്കിയിട്ട് മതി ബാക്കിയെന്നായി. ജഗദീഷേട്ടന്‍ പറഞ്ഞു, സലീമേ അവര്‍ അനുഭവിക്കട്ടെ. അദ്ദേഹം മധ്യസ്ഥനായി വന്നു.' സലീം കുമാര്‍ പറയുന്നു.

അങ്ങനെ ഇത് ഞാന്‍ പറയാം, പക്ഷെ എനിക്ക് 25 വര്‍ഷം കഴിയുമ്പോള്‍ നാണം കെടേണ്ടി വരുമെന്ന് ഞാന്‍ പറഞ്ഞു. ഇപ്പോള്‍ ഏകദേശം 25 വര്‍ഷം ആകുന്നു. എന്താണെന്ന് സംവിധായകന്‍ ചോദിച്ചു. ഈ സിനിമ എന്തായാലും തീയേറ്ററില്‍ ഓടാന്‍ പോകുന്നില്ല. ആരും കാണാന്‍ പോകില്ല.പക്ഷെ ഈ പടം ടിവിയില്‍ വരും. 25 വര്‍ഷം കഴിയുമ്പോഴേക്കും എന്റെ മകന് കല്യാണ പ്രായമായിട്ടുണ്ടാകും. അപ്പോള്‍ അവന്റെ ഭാര്യ വീട്ടില്‍ ചെല്ലുമ്പോള്‍ ഈ സിനിമയുണ്ടാകും. അത് കണ്ട് ഞാനൊന്ന് നാണംകെടും. എന്നിട്ടും അവര്‍ മാറ്റിയില്ലെന്നാണ് താരം പറയുന്നത്.

സോഷ്യല്‍ മീഡിയയിലെ തന്ത വൈബ് വിളികളെക്കുറിച്ചും സലീം കുമാര്‍ സംസാരിക്കുന്നുണ്ട്. പുതിയ തലമുറയിലുള്ളവര്‍ മുന്‍തലമുറയിലുള്ളവരെ കളിയാക്കാനെന്ന രീതിയില്‍ നടത്തുന്നതാണ് തന്ത വൈബ് പ്രയോഗം.

''അത് ഓക്കെ. ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ. പഴയ കാലഘട്ടത്തിലുള്ളവരെ അമ്മാവന്മാര്‍ എന്നോ അപ്പൂപ്പന്മാര്‍ എന്നോ എന്തുവേണമെങ്കിലും വിളിച്ചോട്ടെ. ഈ പറയുന്ന 2കെ കിഡ്‌സ് എന്താണ് കണ്ടുപിടിച്ചിട്ടുള്ളത്? കമ്പ്യൂട്ടര്‍ കണ്ടുപിടിച്ചത് അവര്‍ അല്ല, അവര്‍ ഉപയോഗിക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചത് അവരല്ല, അത് അവര്‍ ഉപയോഗിക്കുന്നുണ്ട്. ഞങ്ങളുടെ തലമുറയില്‍ പെട്ടവര്‍ കണ്ടുപിടിച്ച സാധനങ്ങള്‍ ഉപയോഗിക്കാന്‍ വേണ്ടി ഒരു വര്‍ഗം. ഇവര്‍ കണ്ടുപിടിച്ചിട്ടുണ്ട്, ഗായ്‌സ് ഇവിടെ നല്ല ചായ കിട്ടും, ഇവിടെ നല്ല ഉണ്ടംപൊരി കിട്ടും'' എന്നായിരുന്നു സലീം കുമാറിന്റെ പ്രതികരണം.

Tags:    

Similar News