കേരളത്തിലുണ്ടായ തൊഴിലാളി മുന്നേറ്റങ്ങളുടെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള മട്ടാഞ്ചേരി വെടിവയ്‌പ്പും അതിന്റെ രാഷ്‌ട്രീയ പശ്‌ചാത്തലവുമാണ് മാർച്ച് 10ന് തിയറ്ററിലെത്തുന്ന 'തുറമുഖ'ത്തിന്റെ പ്രമേയം. കൊച്ചിക്കാരനായ രാജീവ് രവിയാണ് സംവിധായകൻ. കൊച്ചിയുടെ ചരിത്രവും സംസ്‌കാരവും ഇഴചേർത്ത് രാജീവ് രവി മുമ്പ് ചെയ്‌ത കമ്മട്ടിപ്പാടം, അന്നയും റസൂലും എന്നീ സിനിമകൾ നന്നായി സ്വീകരിക്കപ്പെട്ടിരുന്നു. ആ നിരയിൽ മൂന്നാമത്തേതെന്നു പറയാവുന്ന തുറമുഖം കൊച്ചിയുടെ രാഷ്‌ട്രീയ ചരിത്രം കുറച്ചുകൂടി തീക്ഷ്‌ണമായി അടയാളപ്പെടുത്തുന്നതാകും.
നിവിൻ പോളിയാണ് നായകൻ. മട്ടാഞ്ചേരി മൊയ്‌തു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ജോജു ജോർജ്, ഇന്ദ്രജിത്ത്, നിമിഷ സജയൻ, പൂർണിമ, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, ശെന്തിൽ കൃഷ്‌ണ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയവരും വേഷമിടുന്നു. എം കെ ചിദംബരത്തിന്റെ മകൻ ഗോപൻ ചിദംബരമാണ് തിരക്കഥയും സംഭാഷണവും എഴുതിയത്. കലാസംവിധാനം ഗോകുൽ ദാസ്. സംഗീതം ഷഹബാസ് അമൻ. നിർമാണം സുകുമാർ തെക്കേപ്പാട്ട്. വിതരണം ലിസ്‌റ്റിൻ സ്‌റ്റീഫന്റെ മാജിക് ഫ്രയിംസ്.