കൃഷിയാണ് ആദിവാസികളായ തങ്ങളുടെ തൊഴിലും ജീവിതവുമെന്ന് ദേശീയ അവാര്‍ഡ് ജേതാവു കൂടിയായ ഗായിക നഞ്ചമ്മ. അട്ടപ്പാടി-തമിഴ്‌നാട് അതിര്‍ത്തിയിലെ ആലാങ്കണ്ടി പുതൂരിലാണ് എന്റെ വീട്. ചെറുപ്പത്തില്‍ എന്റെ അച്ഛനും കൂട്ടുകാരും ആട്ടംപാട്ട് നടത്തുമ്പോള്‍ ഞാനും പോയി കണ്ടുനിന്ന് കേട്ടുകേട്ട് പഠിച്ചതാണ് പാട്ടുകള്‍. പിന്നീട് അഗളിയില്‍ നക്കുപ്പതി ഊരിലെ നഞ്ചപ്പനെ കല്യാണം കഴിച്ചാണ് അട്ടപ്പാടിയില്‍ എത്തുന്നത്.
ആദിവാസി ആചാരപ്രകാരം കല്യാണം കഴിഞ്ഞ് കുടുംബമാകുന്നവര്‍ക്ക് കാരണവന്മാര്‍ ആടുകളെ സമ്മാനിക്കും. ഞങ്ങളുടെ സമ്പാദ്യമാണ് ആടുകള്‍. അങ്ങനെ ഞങ്ങള്‍ക്കും കുറേ ആടുകളെ കിട്ടി. ഞാനും നഞ്ചപ്പനും രാവിലെ ആടുകളെ മേയ്ക്കാന്‍ പോകും. നഞ്ചപ്പന്‍ പറമ്പില്‍ കൃഷിപ്പണി ചെയ്യുമ്പോള്‍ ഞാന്‍ ആടുകളെ മേയ്ക്കും ഇതായിരുന്നു വര്‍ഷങ്ങളോളം ഞങ്ങളുടെ ജീവിതം.
നഞ്ചപ്പന്‍ നല്ല കൊട്ടുകാരന്‍ കൂടിയായിരുന്നു. പാട്ടുകള്‍ വലിയ ഇഷ്ടമാണ്. കൃഷിപ്പണി ചെയ്ത് മടുക്കുമ്പോള്‍ കുന്നിന്‍പ്പുറത്തിരുന്ന് ഞാന്‍ പാടും. നഞ്ചപ്പന്‍ താളം കൊട്ടും. ഇതായിരുന്നു ഞങ്ങളുടെ രസം. ഭര്‍ത്താവിനു വേണ്ടിയായിരുന്നു പാട്ടുകളെല്ലാം. നഞ്ചപ്പന് ആദിവാസി കലാകാരനുള്ള സര്‍ക്കാര്‍ അവാര്‍ഡ് കിട്ടിയിട്ടുണ്ട്. അദ്ദേഹം മരിച്ചു. പാട്ടിന്റെ വഴിയില്‍ ഞാന്‍ തനിച്ചായി.
അഹാഡ്‌സിന്റെ പ്രവര്‍ത്തനങ്ങളുടെ ആദ്യവര്‍ഷങ്ങളില്‍ ഊരിലെ കമ്യൂണിറ്റി സെന്ററിന്റെ പരിപാടിക്ക് എല്ലാവരും ചേര്‍ന്ന് എന്നെ പാടാന്‍ നിര്‍ബന്ധിച്ചു. പുറത്തു പാടാന്‍ എനിക്കു പേടിയായിരുന്നു. മൈക്ക് കിട്ടിയാലേ ഞാന്‍ വിറയ്ക്കും. അന്നു ഞാന്‍ പാടിയ പാട്ട് എല്ലാവര്‍ക്കും ഇഷ്ടമായി. എന്റെ അമ്മായി അച്ഛന്‍ സ്‌നേഹമുള്ള ആളായിരുന്നു. പാട്ടു കേട്ടിട്ട് 'ആഹാ എന്റെ മരുമകള് നന്നായി പാടുന്നുണ്ടല്ലോ' എന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നെയാണ് പഴനിസ്വാമിയും കുറച്ചു പേരും ചേര്‍ന്ന് അഹാഡ്‌സില്‍ 'ആസാദ് കലാസംഘം' എന്ന പേരില്‍ ഒരു ആട്ടം-പാട്ട് ഗ്രൂപ്പ് ഉണ്ടാക്കിയത്. പിന്നെ അതില്‍ പാടാന്‍ അവര്‍ എന്നെ വിളിച്ചു. അങ്ങനെ ഞാന്‍ പാട്ടുകാരിയായി.