മമ്മൂട്ടിക്കു വേണ്ടി കഥയെഴുതി ഷീല

Update: 2023-03-25 12:51 GMT

മലയാള സിനിമയുടെ നിത്യഹരിത നായികയാണ് ഷീല. ഓരോ മലയാളിയുടെയും മനസിലെ സ്വപ്‌ന നായികയും ഷീല തന്നെ. 1963-ല്‍ ആരംഭിച്ച വെള്ളിത്തിരയിലെ ജീവിതം ഇപ്പോഴും സജീവം. 1980ല്‍ സ്‌ഫോടനം എന്ന ചിത്രത്തോടെ താത്ക്കാലികമായി ചലച്ചിത്രജീവിതത്തില്‍ നിന്നു മാറിനിന്ന ഷീല 2003ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. സംവിധായകയായും ഷീല തിളങ്ങിയിട്ടുണ്ട്. യക്ഷഗാനം, ശിഖരങ്ങള്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

എല്ലാവരെയും സ്‌നേഹിക്കണമെന്നാണ് ജീവിതം തന്നെ പഠിപ്പിച്ചതെന്ന് ഷീല പറയുന്നു. ആരെയും വെറുക്കരുത്. എനിക്ക് എല്ലാവരോടും പറയാനുള്ളത് ചരിത്ര പ്രസിദ്ധമായ ബീര്‍ബലിന്റെ മാന്ത്രിക വാചകമാണ് '' ഈ നിമിഷവും കടന്നു പോകും ''. ജീവിതത്തില്‍ എന്തെല്ലാം കഷ്ടതകളുണ്ടെങ്കിലും അതെല്ലാം കടന്നു പോകും. നല്ലതു വരും.

പണ്ടു തൊട്ടേ ധാരാളം പുസ്തകങ്ങള്‍ വായിച്ചിരുന്നു. കുട്ടിക്കാലം തൊട്ടേ ചിത്രം വരയ്ക്കും. ധാരാളം ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ഇതിനൊക്കെ വീട്ടില്‍ എനിക്കൊരു മുറി തന്നെയുണ്ട്. അല്‍പ്പം എഴുതുന്ന സ്വഭാവമുണ്ട്. കുയിലിന്റെ കൂട് എന്നൊരു നോവല്‍ എഴുതിയിട്ടുണ്ട്. കുറച്ചു കഥകളുമെഴുതിയിട്ടുണ്ട്. മമ്മൂട്ടി നായക വേഷത്തിലെത്തിയ ഒന്നു ചിരിക്കൂ എന്ന സിനിമയുടെ കഥ എന്റെയാണ്.

നടിയെന്ന നിലയില്‍ നൂറു ശതമാനം സന്തോഷവതിയാണ്. ജീവിതത്തില്‍ സംതൃപ്തയാണ്. ദൈവം എനിക്ക് എല്ലാം തന്നു. സംസ്ഥാന-ദേശീയ തലത്തില്‍ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു. അതിനെല്ലാമുപരിയാണ് പ്രേക്ഷകരുടെ മനസില്‍ എനിക്കു സ്ഥാനം. ഞാന്‍ പറഞ്ഞല്ലോ, പ്രേക്ഷകരുടെ സ്‌നേഹമാണ് എന്റെ ഏറ്റവും വലിയ അവാര്‍ഡ്. എനിക്ക് ആരോടും പരാതിയോ, പരിഭവങ്ങളോ ഇല്ലെന്നും ഷീല പറഞ്ഞു.

Similar News