അവതാരമെന്ന് നാട്ടുകാര്‍; ദേവിയെ കാണാന്‍ ജനമൊഴുകി! ഒടുവില്‍ സംഭവിച്ചതെന്ത്...? വീഡിയോ കാണാം

Update: 2023-04-10 16:15 GMT

മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന ഇന്ത്യയിലെ പ്രധാനപ്പെട്ട നദികളിലൊന്നാണ് നര്‍മദ. മധ്യപ്രദേശിലെ മെയ്കല മലയില്‍നിന്ന് ഉദ്ഭവിക്കുന്ന നര്‍മദയ്ക്ക് 1312 കിലോമീറ്റര്‍ നീളമുണ്ട്. അതിശക്തമായ ഒഴുക്കും നിരവധി വെള്ളച്ചാട്ടങ്ങളുമുള്ള നദിയാണിത്. ഹിന്ദുപുരാണങ്ങളില്‍ നര്‍മദയെ പുണ്യനദിയായി കണക്കാക്കുന്നു. കഴിഞ്ഞദിവസം നര്‍മദയുടെ മുകളിലൂടെ ഒരു സ്ത്രീ നടന്നതു വന്‍ വാര്‍ത്തയായിരുന്നു. അവര്‍ നദിയുടെ മുകളിലൂടെ നടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍ തരംഗമായിരുന്നു. മധ്യപ്രദേശിലെ ജബല്‍പുരിലായിരുന്നു സംഭവം.

അവര്‍ നര്‍മദാദേവിയുടെ അവതാരമാണെന്ന വാര്‍ത്തയെങ്ങും പ്രചരിച്ചു. അവര്‍ നദിയുടെ മുകളിലൂടെ നടക്കുന്നതും കരയില്‍ അവരെ പിന്തുടരുന്നവരെയും ദൃശ്യങ്ങളില്‍ കാണാം. നര്‍മദാദേവീ... അനുഗ്രഹിക്കണേ... എന്ന പ്രാര്‍ഥനയോടൊണ് ജനങ്ങള്‍ അവരെ പിന്തുടര്‍ന്നത്. ഇതിനിടെ ഇവര്‍ക്കു രോഗശാന്തിക്കുള്ള കഴിവുണ്ടെന്നും പ്രചരിച്ചു. തുടര്‍ന്നു വന്‍ ജനപ്രവാഹമായിരുന്നു. റോഡുകള്‍ ബ്ലോക്ക് ആയി. ഒടുവില്‍ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

പോലീസ് സ്ഥലത്തെത്തി സ്ത്രീയോടു സംസാരിച്ചപ്പോഴാണ് അവരുടെ പൂര്‍ണവിവരങ്ങള്‍ പുറത്തറിയുന്നത്. കഴിഞ്ഞവര്‍ഷം കാണാതായ നര്‍മദാപുരം സ്വദേശിനിയായ ജ്യോതി രഘുവംശി എന്ന സ്ത്രീയാണ് കഥയിലെ നായിക. ഇവരെ കാണാതായതായി കാണിച്ചു ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. മാനസിക അസ്വാസ്ഥ്യം അനുഭവിക്കുന്നയാളാണ് ജ്യോതിയെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. താന്‍ സാധാരണ സ്ത്രീയാണെന്നും അദ്ഭുതശക്തിയില്ലെന്നും ജ്യോതി പറഞ്ഞു. നര്‍മദാ നദിയെ പ്രദക്ഷിണം ചെയ്യുന്നതിനായി തീര്‍ഥാടനത്തിലാണ്. പ്രദക്ഷിണത്തിന്റെ ഭാഗമായാണ് നദിയില്‍ നടന്നതെന്നും ജ്യോതി പറഞ്ഞു. നാടന്‍ വൈദ്യം അറിയാമെന്നും ആരെങ്കിലും അസുഖങ്ങളുമായി കാണാന്‍ വന്നാല്‍ മരുന്നു നല്‍കാറുണ്ടെന്നും ജ്യോതി കൂട്ടിച്ചേര്‍ത്തു. യഥാര്‍ഥത്തില്‍ ജ്യോതി നര്‍മദയുടെ മുകളിലൂടെ നടക്കുകയായിരുന്നില്ല. വേലിയിറക്ക സമയമായിരുന്നതിനാല്‍ നദിയില്‍ വെള്ളം കുറവായിരുന്നു. ഈ സമയത്ത് നദിയിലൂടെ നടന്ന അവര്‍ വെള്ളത്തിനു മുകളിലൂടെയാണു നടക്കുന്നതെന്നു തീരത്തുനിന്നവര്‍ തെറ്റിദ്ധരിച്ചു. തീരത്തുനിന്ന് അകലെയുമായിരുന്നു ജ്യോതി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ജ്യോതിയുടെ കുടുംബാംഗങ്ങളെ കണ്ടെത്തുകയും പിന്നീട്, അവരെ കുടുംബാംഗങ്ങള്‍ക്കൊപ്പം വിടുകയും ചെയ്തു.

Similar News