ഇക്കാലത്ത് പ്രേക്ഷകര്‍ക്ക് ഇഷ്ടം പോലെ ഓപ്ഷന്‍സ് ഉണ്ട്; എല്ലാം വിരല്‍ത്തുമ്പിലെത്തി: സുരാജ് വെഞ്ഞാറമൂട്
സ്‌റ്റേജ് ഷോ അന്നുമിന്നും തനിക്കിഷ്ടമാണെന്ന് ഹാസ്യതാരം സുരാജ് വെഞ്ഞാറമൂട്. കാരണം ലൈവായി പ്രേക്ഷകരോടു സംവദിക്കാം എന്നുള്ളതാണ് സ്‌റ്റേജ് ഷോയുടെ പ്രത്യേകതയെന്നും താരം. ഒരു സ്‌കിറ്റിന്റെ റിസല്‍റ്റ് അപ്പോള്‍ത്തന്നെ നമുക്കറിയാം. കൂട്ടിച്ചേര്‍ക്കലുകള്‍ വേണമെങ്കില്‍ അടുത്ത സ്‌റ്റേജില്‍ നടത്തുകയും ചെയ്യാം.
ഞങ്ങളുടെ ട്രൂപ്പ് നാലും അഞ്ചും സ്‌റ്റേജുകള്‍ ചെയ്തിരുന്നു ഒരു ദിവസം. രാവിലെ കോളേജ് മുതല്‍ തുടങ്ങും. വൈകിട്ട് ഉത്സവപ്പറമ്പകളിലും. ആറു മാസം കൊണ്ട് 350ാളം സ്‌റ്റേജുകള്‍ കളിക്കും. ഇന്ന് സ്‌റ്റേജ് പരിപാടികള്‍ കുറവാണ്. കാരണം ആദ്യം പറഞ്ഞതു തന്നെ, എല്ലാം വിരല്‍ത്തുമ്പില്‍ എത്തി. വൈകിട്ട് ടി.വിയില്‍ വിവിധ തരം ഷോകളുടെ തിരക്കാണ്. അതുകൊണ്ട് ഉത്സപ്പറമ്പുകളിലെ തിരക്കുകള്‍ കുറഞ്ഞു. പ്രേക്ഷകര്‍ക്ക് ഇഷ്ടം പോലെ ഓപ്ഷന്‍സ് ഉണ്ട്. സ്റ്റാര്‍ കാസ്റ്റ് ഉള്ള സ്‌റ്റേജ് ഷോയ്ക്കു മാത്രമേ ഇപ്പോള്‍ ആളുകള്‍ കൂടാറുള്ളൂ. വലിയ സ്റ്റാര്‍ കാസ്റ്റ് ഉള്ള സ്‌റ്റേജ് ഷോകള്‍ വല്ലപ്പോഴും മാത്രമേ ഉണ്ടാകാറുള്ളൂ.
ലോക സിനിമകളിലും മലയാളികള്‍ പരിജ്ഞാം നേടിയിരിക്കുന്നു. മാറ്റം കാലാനുസൃതമാണ്. മാറ്റം ഉണ്ടായിക്കൊണ്ടേയിരിക്കും. നമ്മുടെ ചില സംവിധായകര്‍ എടുക്കുന്ന ഷോട്ടുകള്‍ ലോകസിനിമയുടെ നിലവാരത്തിലുള്ളവയാണ്. ഇങ്ങനെതന്നെ വേണം സിനിമ എന്ന വാശിയൊന്നും ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്കില്ല. അവര്‍ പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇനി വരുന്ന തലമുറ ഇതിലും വലിയ പരീക്ഷണങ്ങളായിരിക്കും നടത്തുക. ചിലപ്പോള്‍ സങ്കല്‍പ്പിക്കാനാകാത്ത വിസ്മയങ്ങളായിരിക്കും ഭാവിയിലെ സിനിമകളില്‍ സംഭവിക്കുന്നതെന്നും സുരാജ് പറഞ്ഞു.