എസ്എസ്എല്‍സി മൂന്നാം തവണ എഴുതാന്‍ ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ ചെന്നപ്പോള്‍ കൂടെ പഠിച്ചവന്‍ ട്യൂട്ടോറിയല്‍ കോളജിന്റെ പ്രിന്‍സിപ്പല്‍: ജാഫര്‍ ഇടുക്കി
നര്‍മവും സ്വാഭാവികതയും കലര്‍ന്ന അഭിനയത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ജാഫര്‍ ഇടുക്കി. മിമിക്രിയും നാടകവുമായിരുന്നു ജാഫറിന്റെ തട്ടകങ്ങള്‍. കിഴക്കന്‍ മലയോര ഗ്രാമപ്രദേശത്തു നിന്നു കലയുടെ വഴികളിലൂടെ പ്രൊഫഷണല്‍ വേദികളിലൂടെ ശ്രദ്ധിക്കപ്പെട്ട ജാഫര്‍ സിനിമയിലും ശ്രദ്ധേയനായതു പെട്ടെന്നായിരുന്നു. കഥാപാത്രത്തിന്റെ സീനുകളുടെ ദൈര്‍ഘ്യത്തിലല്ല, കഥാപാത്രത്തിനാണ് ജാഫര്‍ പ്രാധാന്യം കൊടുക്കുന്നത്. സിനിമ കഴിഞ്ഞ തിയേറ്റര്‍ വിട്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസില്‍ ജാഫറിന്റെ കഥാപാത്രങ്ങള്‍ തങ്ങിനില്‍ക്കും.
തന്റെ പഴയകാല ജീവിതത്തിലെ ഓര്‍മകള്‍ തുറന്നുപറയുന്നതിലും അതിലെ നര്‍മ മുഹൂര്‍ത്തങ്ങള്‍ പങ്കുവയ്ക്കുന്നതിലും അദ്ദേഹത്തിനു സന്തോഷമേയുള്ളൂ. മൂന്നാം തവണ എസ്എസ്എല്‍സി എഴുതാന്‍ പോയ സംഭവത്തെകുറിച്ച് താരം പറഞ്ഞത് ഇങ്ങനെയാണ്. ഞാനും സാഗര്‍ കണ്ണനും ചേര്‍ന്ന് വൈക്കത്തെ മണല്‍വാരല്‍ തൊഴിലാളികളുടെ മക്കളെ മിമിക്രി പഠിപ്പിക്കുന്ന സമയം. രാജന്‍ മാഷ് വന്ന് ജോഗ്‌സ് എന്ന മിമിക്രി ഗ്രൂപ്പിലേക്ക് ഞങ്ങളെ ക്ഷണിച്ചു. സാഗര്‍ ഷിയാസും വേറൊരാളും ട്രൂപ്പില്‍ നിന്നുപോയി. അവര്‍ക്കു പകരമായാണ് ഞങ്ങളെ ക്ഷണിച്ചത്. സന്തോഷത്തോടെ അവിടെയെത്തി. എന്നാല്‍ ചിലര്‍ക്ക് ഞങ്ങള്‍ അവിടെ ചെന്നത് ഇഷ്ടമായില്ല. ഞങ്ങള്‍ റിഹേഴ്‌സല്‍ ചെയ്ത സമയത്താണ് പോയവരില്‍ ഒരാള്‍ വരുന്നത്. അതോടെ കണ്ണന്റെ ചാന്‍സ് നഷ്ടപ്പെട്ടു. പിന്നീട് എന്റെയും. അതോടെ സങ്കടമായി. എന്നാലും സ്‌റ്റേജ് പ്രോഗ്രാമുകളുമായി ഞങ്ങള്‍ മുന്നോട്ടു പോയി.
മൂന്നാം തവണ എസ്.എസ്.എല്‍.സി എങ്ങനെയെങ്കിലും എഴുതിയെടുക്കുമെന്ന തീരുമാനത്തിലാണ് ഞാന്‍. ഹാള്‍ടിക്കറ്റ് വാങ്ങാനായി ട്യൂട്ടോറിയലില്‍ ചെന്നു. പ്രിന്‍സിപ്പലിനെ നല്ല പരിചയം. അദ്ദേഹം എന്നെ മനസിലായോ എന്നു ചോദിച്ചപ്പോള്‍ എവിടെയോ കണ്ടിട്ടുണ്ടെന്ന് ഞാന്‍ മറുപടി കൊടുത്തു. ഞാന്‍ നിന്റെ കൂടെ പഠിച്ച പോളാണ് എന്നു കേട്ടപ്പോള്‍ അല്‍പ്പം നാണക്കേടു തോന്നാതിരുന്നില്ല. അന്ന് ഒരു ശിവരാത്രി സമയം. ആലുവ അമ്പലത്തില്‍ പരിപാടിയുണ്ട്. ഒരു ഗള്‍ഫ് പോഗ്രാം കിട്ടിയതു കൊണ്ട് എറണാകുളം പോയി പാസ്‌പോര്‍ട്ട് ശരിയാക്കി വേണം പ്രോഗ്രാമിനു പോകാന്‍. ഞാന്‍ വണ്ടിയില്‍ കയറി സൈഡ് സീറ്റ് തന്നെ നോക്കിയിരുന്നു. വണ്ടി ഓടിക്കൊണ്ടിരിക്കുന്നു. പെട്ടെന്നൊരച്ച. എന്റെ ദേഹം മുഴുവന്‍ നനഞ്ഞിരിക്കുന്നു. നോക്കിയപ്പോള്‍ ചോര. കൈപിടിക്കാനായി വച്ചിരുന്ന കമ്പി എന്റെ നെഞ്ചില്‍ തുളഞ്ഞ് കയറി. ചോര കണ്ടതും എന്റെ ബോധം പോയി. ഓര്‍മ വന്നപ്പോള്‍ ഞാന്‍ ആശുപത്രിയില്‍. ചൂറ്റും വീട്ടുകാരും. അതോടെ എസ്.എസ്.എല്‍.സി പാസാകുകയെന്ന എന്റെ മോഹവും പൊലിഞ്ഞു.