കാഷ്മീര്‍ മുതല്‍ കേരളം വരെ: മുതിര്‍ന്നവര്‍ക്ക് അനുയോജ്യമായ വിനോദസഞ്ചാരകേന്ദ്രങ്ങള്‍
യാത്ര, സ്വയംകണ്ടെത്തലിനും വ്യക്തിഗതവളര്‍ച്ചയ്ക്കും അവസരം നല്‍കുന്നു. മുതിര്‍ന്ന പൗരന്മാരുടെ കാര്യത്തിലും ഇതില്‍ വ്യത്യാസമില്ല. യാത്രകള്‍ മുതിര്‍ന്നവരുടെ മനസിന് ഉണര്‍വു നല്‍കുന്നു, അതോടൊപ്പം ആവര്‍ത്തനങ്ങളാകുന്ന ദിവസങ്ങളില്‍നിന്നുള്ള മോചനവും. തങ്ങളുടെ ജീവിതത്തെ വീണ്ടും അനന്തമായ സാധ്യതകളിലേക്കു തുറന്നിടാനും യാത്ര പ്രചോദനമാകും. മുതിര്‍ന്നവര്‍ക്കു യാത്ര ചെയ്യാന്‍ കഴിയുന്ന രാജ്യത്തെ ചില വിനോദസഞ്ചാരകേന്ദ്രങ്ങള്‍
കാശ്മീര്‍
ലോകത്തിന്റെ പറുദീസയാണ് കാഷ്മീര്‍. മഞ്ഞുമൂടിയ മലനിരകള്‍, തടാകങ്ങള്‍, പച്ചപ്പുനിറഞ്ഞ താഴ്‌വരകള്‍... മനോഹരിയായ കാഷ്മീരിനെ വര്‍ണിക്കാന്‍ കഴിയില്ല. ശ്രീനഗറിലെ ദാല്‍ തടാകം, പഹല്‍ഗാം, സോന്‍മാര്‍ഗ്, ഗുല്‍മാര്‍ഗ് തുടങ്ങിയ സ്ഥലങ്ങള്‍ സഞ്ചാരികള്‍ക്കു മറക്കാനാകാത്ത അനുഭവമായിരിക്കും.
കാഷ്മീരിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം, വാസ്തുവിദ്യ, പാചകരീതി, ഉത്സവങ്ങള്‍ എന്നിവ അടുത്തറിയേണ്ടതാണ്. ശങ്കരാചാര്യ ക്ഷേത്രം, അമര്‍നാഥ് ഗുഹ, ജുമാ മസ്ജിദ് തുടങ്ങിയ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാം. മുതിര്‍ന്നവര്‍ക്ക് ഇത്തരം യാത്രകള്‍ ആത്മീയതയിലേക്കുള്ള സഞ്ചാരം കൂടിയാകും. കൂടാതെ, ട്രെക്കിംഗ്, സ്‌കീയിംഗ്, റാഫ്റ്റിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങളും ആസ്വദിക്കാന്‍ അവസരമുണ്ട്. അവരവരുടെ താത്പര്യപ്രകാരം ഇതെല്ലാം തെരഞ്ഞെടുക്കാം.
മേഘാലയ
'മേഘങ്ങളുടെ വാസസ്ഥലം' എന്നറിയപ്പെടുന്ന മേഘാലയ രാജ്യത്തു മികച്ച വിനോദസഞ്ചാരാനുഭവം പകരുന്ന സംസ്ഥാനമാണ്. ഉംഗോട്ട് നദി ആരെയും ആകര്‍ഷിക്കും. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിക്കടുത്തായി ഒഴുകുന്ന ഈ നദി, ക്രിസ്റ്റല്‍ പോലെ തെളിഞ്ഞതും ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദിയുമാണ്. ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായ മാവ്‌ലിനോങ്, ദൈവത്തിന്റെ സ്വന്തം പൂന്തോട്ടം എന്ന് അറിയപ്പെടുന്നു. അതിമനോഹരമായ മേഘാലയ അവധിക്കാലകേന്ദ്രമാണ്.
ആന്‍ഡമാന്‍ ദ്വീപുകള്‍
ആന്‍ഡമാന്‍ ദ്വീപുകള്‍ സമാനതകളില്ലാത്ത പ്രകൃതിഭംഗിയും ശാന്തമായ അന്തരീക്ഷവും കൊണ്ട് സഞ്ചാരികളെ വശീകരിക്കുന്നു. കടല്‍ത്തീരങ്ങള്‍, സമൃദ്ധമായ വനങ്ങള്‍ എന്നിവ പ്രായമായവര്‍ക്കു ശാന്തതയും നവോന്മേഷവും പകരുന്നു. രാജ്യത്തെ മനോഹരമായ വിശ്രമകേന്ദ്രമാണ് ആന്‍ഡമാന്‍. സ്‌കൂബ ഡൈവിങ്, ട്രെക്കിങ്, പക്ഷിനിരീക്ഷണം എന്നിവയും ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം.
കേരളം
'ദൈവത്തിന്റെ സ്വന്തം നാട്' എന്നറിയപ്പെടുന്ന കേരളം പ്രായമായവരെ മാത്രമല്ല, എല്ലാവിഭാഗങ്ങളിലും ഉള്‍പ്പെടുന്ന സഞ്ചാരികള്‍ക്ക് അനുയോജ്യമാണ്. രാജ്യത്തെ പ്രധാനപ്പെട്ട ഹില്‍സ്‌റ്റേഷനുകളിലൊന്നാണ് മൂന്നാര്‍. ഓഗസ്റ്റില്‍ മൂന്നാറിന്റെ മനോഹാരിത അതിന്റെ ഉച്ചസ്ഥായിയിലെത്തും. മഴ അതിന്റെ ഭംഗി വര്‍ധിപ്പിക്കും. ഇത് അനുയോജ്യമായ ഒരു അവധിക്കാലകേന്ദ്രമാക്കി മാറ്റുന്നു. തേയിലയുടെയും സുഗന്ധവ്യഞ്ജനത്തോട്ടങ്ങളുടെയും സുഗന്ധം അന്തരീക്ഷത്തില്‍ നിറയുന്നു. മനോഹരമായ കാലാവസ്ഥയും ആകര്‍ഷകമായ പ്രകൃതിദൃശ്യങ്ങളും കൂടിച്ചേര്‍ന്ന്, പ്രായമായവര്‍ക്ക് വിശ്രമിക്കാനും പ്രകൃതിയുടെ ആലിംഗനത്തില്‍ മുഴുകാനും കഴിയുന്ന ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.