'അച്ഛന്‍ ഇടയ്ക്കിടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ കാലം മുതലുള്ള കാര്യങ്ങള്‍ ഓര്‍മിപ്പിക്കും, അത് ജീവിതത്തില്‍ ഊര്‍ജം പകരും' : നിരഞ്ജ്

Update: 2023-03-20 12:29 GMT

നിരഞ്ജ് യുവനിരയില്‍ ശ്രദ്ധിക്കപ്പെടുന്ന നടനാണ്. നടന്‍ മണിയന്‍പിള്ള രാജുവിന്റെ മകന്‍ എന്നതു മാത്രമല്ല, അനുഗ്രഹീത നടന്‍ കൂടിയാണ് നിരഞ്ജ്. ഫൈനല്‍സ് എന്ന ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ നിരഞ്ജിന് വലിയ അംഗീകാരമാണ് നേടിക്കൊടുത്തത്. മികച്ച നടനാവാന്‍ പഠിച്ചുകൊണ്ടേയിരിക്കണം. ഓരോ സിനിമ കഴിയുമ്പോഴും മെച്ചപ്പെടുന്നു എന്ന തോന്നലാണ്. ഇനിയും മെച്ചപ്പെടാനുണ്ട്. അതിനായി പരമാവധി ശ്രമിക്കുമെന്നും താരം പറയുന്നു.

അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ അച്ഛന്‍ സിനിമയിലെ പഴകാല അനുഭവങ്ങള്‍ ഓര്‍മിപ്പിക്കാറുള്ളത് ജീവിതത്തില്‍ ഊര്‍ജം പകരുമെന്ന് താരം പറഞ്ഞിരുന്നു. സിനിമയില്‍ നായകനായി തുടങ്ങണം എന്ന ചിന്ത അച്ഛനും എനിക്കും ഉണ്ടായിരുന്നില്ല. സിനിമയുടെ ഭാഗമാകണമെന്നേ ഉണ്ടായിരുന്നുള്ളൂ. ആദ്യ ചിത്രം ബ്ലാക് ബട്ടര്‍ഫ്‌ളൈസ് വിജയിച്ചില്ല. എന്നാല്‍, പരാജയത്തില്‍ നിരാശ തോന്നിയതേയില്ല. മറ്റുള്ളവര്‍ നമ്മളെപ്പറ്റി നെഗറ്റീവായി ചിന്തിക്കുമ്പോള്‍, അതിനെ ലക്ഷ്യത്തില്‍ എത്താനുള്ള മോട്ടിവേഷനായി എടുക്കുകയാണ് വേണ്ടത്. എല്ലാവരും എപ്പോഴും പ്രശംസിച്ചുകൊണ്ടിരുന്നാല്‍ മുന്നോട്ടുള്ള യാത്രയുണ്ടാവില്ല. എന്റെ ആദ്യ സിനിമയുടെ പരാജയത്തിനുശേഷം ഫഹദിക്ക അച്ഛനോട് പറഞ്ഞു, ആത്മവിശ്വാസം കൈവിടേണ്ട, തിരിച്ചുവരാന്‍ കഴിയും. അതു ശരിയാണെന്നാണ് എനിക്കും തോന്നുന്നത്. ആദ്യം കുറച്ചു വീഴ്ചകള്‍ വരും. കഷ്ടപ്പെടുന്നതിന് അനുസരിച്ചുള്ള പ്രതിഫലം ലഭിക്കും എന്നുതന്നെയാണ് വിശ്വാസം.

ആദ്യ ചിത്രം പരാജയമായപ്പോള്‍, എന്നില്‍ വലിയ പ്രതീക്ഷയൊന്നും വേണ്ടെന്നു ചിന്തിച്ചവരുണ്ട്. എന്നാല്‍, ഞാനതിനെ വെല്ലുവിളിയായി സ്വീകരിച്ചു. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും എന്നെങ്കിലും തിരിച്ചുവരാനാവും എന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. ഇംഗ്ലണ്ടിലെ മാസ്‌റ്റേഴ്‌സ് പഠനകാലത്ത് സിനിമയെ കൂടുതല്‍ മനസിലാക്കാന്‍ ശ്രമിച്ചു. അവിടെ എനിക്ക് ഒരുപാട് ഫ്രീ ടൈം കിട്ടി. വിവിധ സംസ്‌കാരത്തില്‍ നിന്നുള്ളവരുമായി ഇടപഴകാന്‍ സാധിച്ചു. ഇന്‍ഹിബിഷന്‍സ് മാറുമ്പോഴാണ് കൂടുതല്‍ സ്വാഭാവികമായി അഭിനയിക്കാന്‍ കഴിയുക. ഇതിനായി പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സജീവമായി. അതെല്ലാം അഭിനയത്തിലും സഹായിച്ചു.ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഈ നിലയില്‍ എത്തിയതെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായ കാലം മുതലുള്ള കാര്യങ്ങള്‍. ഞങ്ങള്‍ അതൊന്നും മറക്കാറില്ല, എന്നാലും ഇടയ്‌ക്കൊക്കെ അച്ഛന്‍ അക്കാലം ഓര്‍മിപ്പിക്കും. സിനിമയില്‍ അച്ഛന്‍ എന്ന സഹായിക്കുകയോ എനിക്കു വേണ്ടി ശുപാര്‍ശ ചെയ്യുകയോ ചെയ്തിട്ടില്ല. അഭിനയത്തിനായി കഷ്ടപ്പെടാന്‍ ഞാന്‍ തയാറാണെന്ന് അച്ഛനറിയാം. അച്ഛന്‍ നടനായതിനാല്‍ സിനിമ പ്രവേശം എളുപ്പമാണ്. എന്നാല്‍, സിനിമയില്‍ തുടരാന്‍ ഞാന്‍ നന്നായി കഷ്ടപ്പെടണം. നല്ല സിനിമകള്‍ മാത്രം മതിയെന്നാണ് തീരുമാനം.

Similar News