ഉണ്ണി ഇന്ന് നേടിയെടുത്തത് ഒന്നും അവിചാരിതമായോ ഭാഗ്യം കൊണ്ടോ വന്നതല്ല; പല പ്രതിസന്ധികളെയും അതിജീവിച്ചു നേടിയെടുത്തതാണെന്ന് സ്വാസിക

Update: 2025-01-06 12:51 GMT

ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ മാര്‍ക്കോ ചിത്രം 100 കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ്. ചിത്രം മോളിവുഡും കടന്ന് വിവിധ ഭാഷകളില്‍ മുന്നേറിക്കൊണ്ടിരിക്കെ ഉണ്ണി മുകുന്ദനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി സ്വാസിക വിജയ്.

ഉണ്ണി ഇന്ന് നേടിയെടുത്തത് ഒന്നും അവിചാരിതമായോ ഭാഗ്യം കൊണ്ടോ വന്നതല്ല, ഇന്ന് ഉണ്ണിക്ക് കിട്ടുന്ന ഓരോ കയ്യടികളും ഉണ്ണി പല പ്രതിസന്ധികളെയും അതിജീവിച്ചു നേടിയെടുത്തതാണെന്ന് സ്വാസിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഉണ്ണി മുകുന്ദനെ സൂപ്പര്‍ സ്റ്റാര്‍ എന്നുവിശേഷിപ്പിച്ചുകൊണ്ടാണ് സ്വാസികയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ്.

സ്വാസികയുടെ കുറിപ്പ്

ഉണ്ണി ഇന്ന് നേടിയെടുത്തത് ഒന്നും അവിചാരിതമായോ ഭാഗ്യം കൊണ്ടോ വന്നതല്ല, ഇന്ന് ഉണ്ണിക്ക് കിട്ടുന്ന ഓരോ കയ്യടികളും ഉണ്ണി പല പ്രതിസന്ധികളെയും അതിജീവിച്ചു നേടിയെടുത്തതാണ്, വേറൊരു വ്യക്തിക്കും അദ്ദേഹം അതിജീവിച്ചത് പോലെ പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല.ഉണ്ണിയുടെ വിഷന്‍ എന്തായിരുന്നു എന്ന് തുടക്കം തൊട്ട് അറിയാവുന്ന ആള്‍ ആയിരുന്നു ഞാന്‍. ഇന്ന് ഇന്ത്യ ഒട്ടാകെ അറിയുന്ന സൂപ്പര്‍സ്റ്റാര്‍ ആയി ഉണ്ണി മാറിയതില്‍ എന്തെന്നില്ലാത്ത സന്തോഷം ഉണ്ടെന്ന് സ്വാസിക സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത മാര്‍ക്കോ' തീയേറ്ററുകളില്‍ വന്‍ ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 100 കോടി നേടി.ചിത്രത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകള്‍ക്കും വന്‍ പ്രതികരണമാണ് ലഭിച്ചത്. ഇത് കളക്ഷനില്‍ വന്‍ വര്‍ധനവുണ്ടാക്കിയിട്ടുണ്ട്. ഉത്തരേന്ത്യയില്‍ ബോളീവുഡ് ചിത്രങ്ങളെ പോലും പിന്നിലാക്കിയാണ് മാര്‍ക്കോയുടെ കുതിപ്പ്. 34 ഷോകളില്‍ ആരംഭിച്ച സിനിമ രണ്ടാഴ്ച കൊണ്ട് 1327 സ്‌ക്രീനുകളിലായി 3000 ല്‍ അധികം ഷോകളിലേക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്.

ഇതിന് പുറമെ വിദേശ രാജ്യങ്ങളിലും ചിത്രം മികച്ച രീതിയില്‍ സ്വീകരിക്കപ്പെടുകയാണ്. ദക്ഷിണ കൊറിയന്‍ എന്റര്‍ടെയ്ന്‍മെന്റ് മേഖലയിലെ വമ്പന്‍മാരായ നൂറി പിക്ചേഴ്സുമായി ഒരു സുപ്രധാന ഡിസ്ട്രിബ്യൂഷന്‍ കരാര്‍ ചിത്രം സ്വന്തമാക്കിയത് കഴിഞ്ഞ ദിവസമാണ്. ഇതോടെ ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമായി മാറിയ 'ബാഹുബലി'യ്ക്ക് ശേഷം ദക്ഷിണ കൊറിയയില്‍ നിന്നും ഇത്രയും അഭിമാനകരമായ നേട്ടം സ്വന്തമാക്കുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ചിത്രമായി 'മാര്‍ക്കോ' മാറിയിരിക്കുകയാണ്.

Tags:    

Similar News