വിവിധ മേഖലകളിൽ സഹകരണങ്ങൾ ഊട്ടിയുറപ്പിച്ചും ബന്ധങ്ങൾ ശക്തിപ്പെടുത്തിയും ഒമാനിലെ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ രാജ്യത്ത് മടങ്ങിയെത്തി. സന്ദർശനത്തിന്റെ ഭാഗമായി സാംസ്കാരികം, ശാസ്ത്രം, സാമൂഹികം, ആരോഗ്യം, മാധ്യമം, സാമ്പത്തികം, ഭക്ഷ്യസുരക്ഷ, മുനിസിപ്പൽ ജോലി, കാലാവസ്ഥാ ശാസ്ത്രം, മറ്റു മേഖലകൾ എന്നിവ ഉൾക്കൊള്ളുന്ന 25 ധാരണപത്രങ്ങൾ, കരാറുകൾ, എക്സിക്യൂട്ടിവ് പരിപാടികൾ എന്നിവയിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുകയുണ്ടായി.
ഒമാൻ സുൽത്താനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ സാഹോദര്യ ബന്ധങ്ങളും, ഇരു ജനതയുടെയും താൽപര്യങ്ങളും അഭിലാഷങ്ങൾ നിറവേറ്റുന്നതിനുമായി വിവിധ മേഖലകളിൽ അവയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്തു.
ഒമാനും ബഹ്റൈനും സംയുക്ത നിക്ഷേപ സംരംഭത്തിന് തുടക്കം കുറിക്കാനും തീരുമാനമായി. സാമ്പത്തിക സഹകരണം വികസിപ്പിക്കുന്നതിനും നിക്ഷേപ പങ്കാളിത്തം വളർത്തുന്നതിനുമുള്ള പ്രതിബദ്ധത ഇരുരാജ്യങ്ങളും ഇറക്കിയ സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഒമാൻ -ബഹ്റൈൻ നിക്ഷേപ കമ്പനിയുടെ സ്ഥാപനത്തെ സുൽത്താൻ ഹൈതം ബിൻ താരിഖും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും സ്വാഗതം ചെയ്തു. സാഹോദര്യ രാഷ്ട്രങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി സാമ്പത്തിക, നിക്ഷേപ ചക്രവാളങ്ങൾ വിശാലമാക്കേണ്ടതിന്റെയും പൊതു, സ്വകാര്യ മേഖലകൾക്കിടയിൽ കൂടുതൽ സഹകരണം വളർത്തിയെടുക്കേണ്ടതിന്റെയും ആവശ്യകത ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു.