ബഹ്റൈനിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പദ്ധതികളൊരുക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്താനും പ്രധാന പദ്ധതികൾക്ക് ഗോൾഡൻ ലൈസൻസ് നൽകാനും തീരുമാനിച്ചു.
നിക്ഷേപ പദ്ധതികളുമായി കരാറിലേർപ്പെടുകയും അതുവഴി സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുകയും ചെയ്യും. സാമ്പത്തിക ഉത്തേജന പാക്കേജിൽ ഊന്നൽ നൽകിയ കാര്യങ്ങൾക്ക് ശ്രദ്ധ കൊടുക്കാനും അതുവഴി സാമ്പത്തിക വളർച്ച ഉറപ്പാക്കാനും കഴിയുമെന്ന പ്രതീക്ഷയാണുള്ളത്.
വിവിധ കമ്പനികളുമായി നടത്തുന്ന സഹകരണക്കരാർ വഴി 500 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. 50 ദശലക്ഷം ഡോളറിൽ കൂടുതൽ മുതൽ മുടക്കുള്ള നിക്ഷേപ പദ്ധതികൾക്ക് പ്രത്യേക പരിഗണന നൽകും. നിക്ഷേപകർക്ക് യോജിച്ച ഇടമായും മൽസരാധിഷ്ഠിത കമ്പോളമായും ബഹ്റൈനെ മാറ്റുന്നതിനുതകുന്ന പദ്ധതികളാണ് ആവിഷ്‌കരിക്കുക.