ലോകാരോഗ്യ ദിനാചരണത്തിൽ ബഹ്റൈനും പങ്കാളിയായി. കഴിഞ്ഞ 25 വർഷം ആരോഗ്യ മേഖലയിൽ ബഹ്റൈൻ കൈവരിച്ച നേട്ടത്തിലേക്ക് വെളിച്ചം വീശുന്ന തരത്തിലുള്ള പരിപാടികളാണ് ഇക്കുറി ഒരുക്കിയത്. ഹമദ് രാജാവ് അധികാരമേറ്റതിന്റെ 25 വർഷം പൂർത്തിയാക്കുന്ന വേളയിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ബഹ്റൈനിലെ ആരോഗ്യ രംഗം കുതിച്ചുകൊണ്ടിരിക്കുകയാണെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെടുന്നു.
ആരോഗ്യ മേഖലയുടെ വളർച്ചക്ക് ബജറ്റിൽ മതിയായ തുക വകയിരുത്തുകയും ചെയ്യുന്നുണ്ട്. കോവിഡ് പ്രതിസന്ധി നേരിടുന്നതിൽ വിജയകരമായ ദൗത്യമാണ് ആരോഗ്യ പ്രവർത്തകർ ഏറ്റെടുത്തത്. ആരോഗ്യ പരിചരണം സ്റ്റേറ്റിന്റെ ഉത്തരവാദിത്തമായി കരുതുന്ന രീതിയാണ് ബഹ്റൈനിലുള്ളത്. 27 ഹെൽത് സെന്റർ ശൃംഖലയിലൂടെ രാജ്യത്തിന്റെ ഏത് ഭാഗത്തുള്ള പൗരനും പെട്ടെന്ന് ചികിത്സ ലഭിക്കാൻ ഇതുപകാരപ്പെടുമെന്നും വിലയിരുത്തി.