മുനിസിപ്പൽ, കാർഷിക മന്ത്രാലയം ഏർപ്പെടുത്തിയ മൊബൈൽ നഴ്സറി വഴി 4455 ചെടികൾ വിതരണം ചെയ്തതായി മുനിസിപ്പൽ കാര്യ അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിൻ അഹ്മദ് അൽ ഖലീഫ അറിയിച്ചു.
ക്യാപിറ്റൽ മുനിസിപ്പൽ കൗൺസിലിന്റെ സഹകരണത്തോടെ നടപ്പാക്കിയ പദ്ധതി 14 പ്രദേശങ്ങളിലൂടെ സഞ്ചരിക്കുകയും ചെടികൾ വിതരണം നടത്തുകയും ചെയ്തു. മരം നടുന്നതിന് പ്രേരണ നൽകുന്നതിനും അതുവഴി ഹരിത പ്രദേശ വികസനം സാധ്യമാക്കുന്നതിനുമാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കിയത്.
സമൂഹത്തിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിനും, 2060ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കാനുമാണ് വൃക്ഷങ്ങളുടെ എണ്ണം പരമാവധി വർധിപ്പിക്കാൻ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.